5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Result 2024: നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം വാഗ്ധാനം ചെയ്ത് ഇൻഡ്യാ സഖ്യ നേതാക്കൾ: കിംഗ് മേക്കറാവുമോ ചന്ദ്രബാബു നായിഡു?

Lok Sabha Election Result 2024 Today: നിലവിൽ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഒപ്പം കൂട്ടാനായാൽ ഇൻഡ്യ മുന്നണിക്ക് 30ലധികം സീറ്റുകൾ ലഭിക്കും. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല എന്നതിനാൽ ഈ സീറ്റുകൾ വളരെ നിർണായകമാവും

Lok Sabha Election Result 2024: നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം വാഗ്ധാനം ചെയ്ത് ഇൻഡ്യാ സഖ്യ നേതാക്കൾ: കിംഗ് മേക്കറാവുമോ ചന്ദ്രബാബു നായിഡു?
shiji-mk
SHIJI M K | Published: 04 Jun 2024 17:23 PM

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇരു മുന്നണികളും രാഷ്ട്രീയ ചരടുവലികൾ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎയിൽ ചേർന്ന ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ തിരികെ ഇൻഡ്യ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിതീഷ് കുമാറുമായി സംസാരിച്ച നേതാക്കൾ അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദം വാഗ്ധാനം ചെയ്തു എന്നാണ് സൂചന.

ആന്ധ്രയിൽ മിന്നും പ്രകടനം കാഴ്ചവച്ച് അധികാരം പിടിച്ച ചന്ദ്രബാബു നായിഡുവും ലൈം ലൈറ്റിലുണ്ട്. ചന്ദ്രബാബുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും എൻഡിഎയിൽ ആണെങ്കിലും ഇവരെ ഇൻഡ്യാ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ എൻഡിഎയും ശ്രമിക്കുന്നു. നിർണായക സമയത്ത് കാലുവാരിയ ചരിത്രമാണ് നിതീഷ് കുമാറിൻ്റേതെന്നതിനാൽ ചന്ദ്രബാബു നായിഡു കിംഗ് മേക്കറാവുമെന്നാണ് വിലയിരുത്തൽ.

ആന്ധ്രയിൽ മികച്ച തിരിച്ചുവരവ് നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു എന്നാണ് വിവരം. സർക്കാർ രൂപീകരണത്തിന് അദ്ദേഹത്തിൻ്റെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എൻഡിഎ മുന്നണി കൺവീനർ സ്ഥാനവും അദ്ദേഹത്തിനു വാഗ്ധാനം ചെയ്തിട്ടുണ്ട്. ഇൻഡ്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ ബന്ധപ്പെട്ടു. മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ടു. ഇൻഡ്യാ മുന്നണിക്കൊപ്പം നിന്നാൽ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനമെന്ന പദവി നൽകുമെന്നാണ് വാഗ്ധാനം.

നിലവിൽ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഒപ്പം കൂട്ടാനായാൽ ഇൻഡ്യ മുന്നണിക്ക് 30ലധികം സീറ്റുകൾ ലഭിക്കും. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ല എന്നതിനാൽ ഈ സീറ്റുകൾ വളരെ നിർണായകമാവും. ഇനി മുന്നണി മാറില്ല, എൻഡിഎയിൽ തുടരുമെന്ന് നിതീഷ് കുമാർ നേരത്തെ മുന്നണി മാറിയപ്പോൾ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ 241 സീറ്റുകൾ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 സീറ്റുകളിൽ ലീഡുള്ള കോൺഗ്രസ് രണ്ടാമതാണ്. സമാജ്‌വാദി പാർട്ടി (35), തൃണമൂൽ കോൺഗ്രസ് (31), ഡിഎംകെ (21), ടിഡിപി (16), ജെഡിയും (14) തുടങ്ങിയവയാണ് മറ്റ് പാർട്ടികൾക്കുള്ള സീറ്റുകൾ. ഡിഎംകെ അടക്കം മറ്റ് പല പ്രാദേശിക പാർട്ടികളുമായി ഇരു മുന്നണികളും തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അന്തിമ വാക്ക് ടിഡിപിയുടേതോ ജെഡിയുവിൻ്റേതോ ആവും.

അതുകൊണ്ട് തന്നെ ഇവരിൽ ഒരാൾ കിംഗ് മേക്കറാവുമെന്നത് ഉറപ്പാണ്. ബീഹാറിൽ ജെഡിയു 14 സീറ്റിലും ബിജെപി 12 സീറ്റിലും മുന്നിലാണ്. ആന്ധ്രയിൽ ടിഡിപി 16 സീറ്റിൽ മുന്നിൽ നിൽക്കുമ്പോൾ ബിജെപി മൂന്ന് സീറ്റിൽ ലീഡിലുണ്ട്.

Latest News