Lok Sabha Election Result 2024: ധ്യാനം കൊണ്ട് നോ രക്ഷ, 400 തികച്ചില്ല; രാജ്യം ആര് ഭരിക്കും?
Lok Sabha Election Result 2024 Today: ആര് കൂറുമാറിയാലും അത് ബിജെപിക്കും ഇന്‍ഡ്യ മുന്നണിക്കും കനത്ത തിരിച്ചടി തന്നെയായിരിക്കും. വരുന്ന ദിവസങ്ങളില്‍ അധികാരത്തിലേക്ക് ആരെത്തും എന്നതില്‍ വ്യക്തമായ ചിത്രം ലഭിക്കും
വളരെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് തീര്‍ച്ചയായും നേടുമെന്ന് പലകുറി ആവര്‍ത്തിച്ച് പറഞ്ഞു. 400 സീറ്റില്‍ വിജയിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമാക്കി വെച്ചിരുന്നത് തന്നെ. എന്നാല്‍ അതിന് സാധിച്ചില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശക്തമായൊരു പ്രതിക്ഷം ഉണ്ടായിരിക്കുകയാണ്. അതും ബലാബലത്തില്‍ തന്നെയാണ് രണ്ട് മുന്നണികളും നില്‍ക്കുന്നത്. വളരെ കുറച്ച് സീറ്റിന്റെ വ്യത്യാസമാണ് ഇരുകൂട്ടരും തമ്മിലുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 300 സീറ്റ് തികയ്ക്കാന്‍ എന്‍ഡിഎക്ക് സാധിച്ചിട്ടില്ല. വെറും 292 സീറ്റുകളാണ് എന്‍ഡിഎ നേടിയിരിക്കുന്നത്. 233 സീറ്റുകളുമായി ഇന്‍ഡ്യ സഖ്യം തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആര് കൂറുമാറിയാലും അത് ബിജെപിക്കും ഇന്‍ഡ്യ മുന്നണിക്കും കനത്ത തിരിച്ചടി തന്നെയായിരിക്കും. വരുന്ന ദിവസങ്ങളില്‍ അധികാരത്തിലേക്ക് ആരെത്തും എന്നതില്‍ വ്യക്തമായ ചിത്രം ലഭിക്കും.
ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പലരെയും സ്വാധീനിക്കാന്‍ ബിജെപിയും ഇന്‍ഡ്യ മുന്നണിയും ശ്രമം തുടങ്ങി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കിലും അത് ബിജെപി തനിച്ചുള്ളതായിരിക്കില്ല. അങ്ങനെയൊരു സര്‍ക്കാര്‍ രൂപീകരണത്തിന് മോദി ഒരിക്കലും തയാറാവുകയുമില്ല. എന്നാല്‍ ഇപ്പോള്‍ ബിജെപിക്കും മോദിക്കും വേറെ വഴിയില്ല എന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 37.36 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 1989ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടി നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ആയിരുന്നു ഇത്. മാത്രമല്ല 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് ആകെ നേടിയത് 353 സീറ്റുകള്‍.
കോണ്‍ഗ്രസ് അന്ന് നേടിയത് 52 സീറ്റുകള്‍ മാത്രമായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാനുള്ള 10 ശതമാനം വോട്ട് പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് 91 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 98 സീറ്റുകളുമാണ് നേടിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തേക്കാളും ബിജെപിക്ക് ഗുണം ചെയ്തത് ജാതി രാഷ്ട്രീയം പരാജയപ്പെട്ടുവെന്നതായിരുന്നു. മാത്രമല്ല കുടുംബവാഴ്ചകള്‍ അവസാനിച്ചതും പാര്‍ട്ടിക്ക് ഗുണം ചെയ്തു. ഹിന്ദു ദേശീയതയും രാജ്യസ്നേഹവും പാകിസ്ഥാന്‍ വിരോധവും ഊട്ടിഉറപ്പിച്ചാണ് മോദി രണ്ടാമൂഴം നേടിയത്.
2019ല്‍ ബിജെപിക്ക് ഏറ്റവും വെല്ലുവിളിയായത് 2014ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. യുപിയിലും ബീഹാറിലും ജാതിയെ മറിക്കടക്കാനെടുത്ത തന്ത്രം തന്നെയാണ് മോദിക്ക് ഗുണം ചെയ്തത്. ഓരോ ജാതിക്കും സാധ്യതയുള്ള മണ്ഡലത്തില്‍ ആ ജാതിയില്‍ നിന്നുള്ളവരെയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി ഇറക്കിയത്. എന്നാല്‍ ഇതോടൊപ്പം തന്നെ ജാതിയേക്കാള്‍ വലുത് രാജ്യമാണെന്നും ശൗചാലയമാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്ക് സാധിച്ചിരുന്നു.
2014 ലെയും 2017ലെയും തെരഞ്ഞെടുപ്പുകള്‍ എടുത്ത് നോക്കുകയാണെങ്കില്‍ യുപിയില്‍ എസ്പിയും ബിജെപിയും ഒന്നിച്ചാല്‍ ബിജെപിക്ക് ജയിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ 2019ല്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, മഹാ മുന്നണി വെറും 15 സീറ്റില്‍ ഒതുങ്ങി. ബീഹാറില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ആര്‍ജെഡി പേരിന് ഒരു സീറ്റ് പോലും ലഭിക്കാതെ തോറ്റു. കോണ്‍ഗ്രസ് റായ്ബറേലിയില്‍ ഒരു സീറ്റ് നേടി.
2014ല്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകുമെന്ന് ആരും കരുതിയിരുന്നില്ല. മോദിയുടെ 13 വര്‍ഷത്തെ ഗുജറാത്ത് ഭരണമാണ് ഇതിന് വളം വെച്ചത്. അന്ന് 30 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ പാര്‍ട്ടിയായി ബിജെപി മാറി. അഞ്ചുവര്‍ഷത്തെ ഭരണത്തിന് ശേഷം കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുക എന്നത് ചെറിയ കാര്യമല്ല. അതും മഹാമുന്നണിയെ അടിമുടി പരാജയപ്പെടുത്തികൊണ്ട്.