Lok Sabha Election 2024: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്
ഹരിയാന 10, ഡല്‍ഹി 7, ബീഹാര്‍ 8, ജാര്‍ഖണ്ഡ് 4, ജമ്മുകശ്മീര്‍ 1, ഒഡിഷ 6 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാം മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
58 മണ്ഡലങ്ങളില്‍ നിന്നായി 889 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഹരിയാന 10, ഡല്‍ഹി 7, ബീഹാര്‍ 8, ജാര്‍ഖണ്ഡ് 4, ജമ്മുകശ്മീര്‍ 1, ഒഡിഷ 6 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ആറാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ 486 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
മെഹബൂബ മുഫ്തി, മനോഹര്‍ലാല്‍ ഖട്ടാര്‍, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാര്‍ എന്നിവരാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഡല്‍ഹിയില്‍ കനത്ത മത്സരമാണ് നടക്കുന്നത്. കെജ്രിവാള്‍ ജയില്‍ മോചനവും മദ്യനയ കേസും കൂടാതെ സ്വാതി മലിവാള്‍ വിഷയവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
ഡല്‍ഹി ആര്‍ക്കൊപ്പം
ഇത്തവണയും വമ്പന്‍ വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയുണ്ട്. കോണ്‍ഗ്രസും എഎപിയും ആദ്യമായി ഒന്നിച്ച് മത്സരിക്കുന്നു എന്നതാണത്. തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ഇന്ത്യ സഖ്യം സ്ഥാനാര്‍ഥികള്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് പ്രതീക്ഷ.
രാമനെ കൊണ്ടുവന്നവരെ ജനം തെരഞ്ഞെടുക്കുമെന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹി സ്ഥാനാര്‍ഥി മനോജ് തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍ മനോജിന്റെ എതിര്‍ സ്ഥാനാര്‍ഥി കനയ്യകുമാറിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ കൂട്ടാളികളാണ് ആക്രമിച്ചതെന്നാണ് ആരോപണം. എന്നാല്‍ അവര്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല. അക്രമികളെ കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും മനോജ് തിവാരി പറഞ്ഞു.