Lok Sabha Election 2024 : അവസാന നിമിഷം ട്വിസ്റ്റ്; രാഹുൽ ഗാന്ധി അമേഠിയിൽ അല്ല റായ്ബറേലിൽ മത്സരിക്കും
Lok Sabha Election 2024 : 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധി എംപിയായ മണ്ഡലമാണ് റായ്ബറേലി
ന്യൂ ഡൽഹി : ഉത്തർ പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളുടെ സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി തൻ്റെ മാതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിൽ നിന്നും മത്സരിക്കും. രാഹുൽ കഴിഞ്ഞ പ്രാവിശ്യം മത്സരിച്ച അമേഠിയിൽ കിഷോരി ലാൽ ശർമയെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം.
ഇതോടെ 2019ലേത് പോലെ രാഹുൽ ഗാന്ധി വയനാട് പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ നിന്നും ജനവിധി തേടുകയാണ്. 2019ൽ വയനാട് പുറമെ അമേഠിയിൽ നിന്നാണ് രാഹുൽ ജനവിധി തേടിയിരുന്നു. എന്നാൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് അമേഠിയിൽ തോറ്റ രാഹുൽ വയനാട് എംപിയായിട്ടാണ് ലോക്സഭയിലേക്ക് പ്രവേശനം ലഭിച്ചത്. വയനാട് സിറ്റിങ് എംപിയായ രാഹുൽ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ ജനവിധി തേടിയിരുന്നു.
അമേഠിയിൽ വീണ്ടും രാഹുൽ മത്സരിക്കണമെന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൻ്റെ ആവശ്യം. ഇതാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രകടനം നടത്തിയിരുന്നു. എന്നാൽ രാഹുൽ എവിടെ മത്സരിക്കണമെന്ന തീരുമാനം രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും ചേർന്നെടുക്കാനുള്ള നിലപാടിൽ കോൺഗ്രസ് നേതൃത്വം നിന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്ന് നിലപാട് വെച്ചതോടെ രാഹുൽ തൻ്റെ മാതാവിൻ്റെ മണ്ഡലമായ റായ്ബറേലിൽ മത്സരിക്കാൻ മുന്നോട്ട് വന്നു. അമേഠിയിൽ രാഹുലിന് പകരം ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയുടെ കോൺഗ്രസ് നിർദേശിക്കുകയും ചെയ്തു.
‘केंद्रीय चुनाव समिति’ की बैठक में लोकसभा चुनाव, 2024 के लिए श्री @RahulGandhi को उत्तर प्रदेश के रायबरेली से और श्री किशोरी लाल शर्मा को अमेठी से कांग्रेस उम्मीदवार घोषित किया गया है। pic.twitter.com/AyFIxI62XH
— Congress (@INCIndia) May 3, 2024
അമേഠിയിലും റായ്ബറേലിയിലും നേരത്തെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെ മണ്ഡലം പ്രതിനിധിയായി കെ.എൽ ശർമ പ്രവർത്തിച്ചിരുന്നു. അമേഠിയിൽ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ബിജെപിയുടെ സ്ഥാനാർഥി. റായ്ബറേലിയിൽ സിറ്റിങ് എംപിയായ സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് യുപിയിലെ ഈ മണ്ഡലത്തിൽ കോൺഗ്രസിന് മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി റായ്ബറേലിയിലെ സ്ഥാനാർഥിയായി ദിനേഷ് പ്രതാപിൻ്റെ പേര് പ്രഖ്യാപിച്ചത്. 2019 തിരഞ്ഞെടുപ്പിൽ ദിനേഷ് സോണിയ ഗാന്ധിയോട് തോറ്റിരുന്നു.
വയനാടിന് പുറമെ രാഹുൽ വടക്കെ ഇന്ത്യൻ മണ്ഡലത്തിലും സ്ഥാനാർഥിയായതോടെ മറ്റൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വേദിയാകുകയാണ് കേരളം. ഇരു മണ്ഡലങ്ങളിൽ നിന്നും രാഹുൽ ജയിച്ചാൽ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന് അറിയാൻ കാത്തിരിക്കേണ്ടതാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിലാണ് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. മെയ് 20നാണ് അഞ്ചാംഘട്ടം വോട്ടെടുപ്പ്. യുപിയിൽ സമാജ് വാദി പാർട്ടിയുമായി ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ് അമേഠിയും റായ്ബറേലിയും ഉൾപ്പെടെ 17 സീറ്റുകളിലാണ് മത്സരിക്കുന്നത്.