Lok sabha Election 2024: ഉത്തരേന്ത്യ ഉരുകുന്നു; കനത്ത ചൂടിൽ മരിച്ചത് 19 പോളിങ് ഉദ്യോഗസ്ഥർ
Polling officers die of extreme heat: ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഹോം ഗാർഡുകളും ഇതിൽ ഉൾപ്പെടുന്നു. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂടിനേക്കാൾ അന്തരീക്ഷ താപനില ഉയരുകയാണ് ഉത്തരേന്ത്യയിൽ. ചൂട് കൂടിയതിനേത്തുടർന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 19 പോളിങ് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. കൊടും ചൂടിൽ ജനജീവിതം തന്നെ തകിടം മറിയുന്ന സാഹചര്യത്തിലാണ് ഈ സംഭവം കൂടി നടന്നിരിക്കുന്നത്. 19 പേർ മരിച്ചിരിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആണെന്നതും ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
ഉത്തർപ്രദേശിലും ബിഹാറിലും ഉള്ള പോളിംഗ് ഓഫീസർമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം, ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഹോം ഗാർഡുകളും ഇതിൽ ഉൾപ്പെടുന്നു. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സർക്കാർ പോളിടെക്‌നിക് കോളേജിൽ നിന്നാണ് പോളിംഗ് ഓഫീസർമാരെ അയച്ചതെന്ന് മിർസാപൂർ ഡിഎം ചന്ദ്ര വിജയ് സിംഗ് പറഞ്ഞു. കടുത്ത ചൂടുള്ള കാലാവസ്ഥ കാരണം, ചിലരുടെ ആരോഗ്യം മോശമാകാൻ തുടങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) യിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഹീറ്റ് സ്ട്രോക്കാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇവരുടെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നില ഗുരുതരമെന്ന് പറയപ്പെടുന്ന ജവാൻമാർ ഐസിയുവിൽ ചികിത്സയിലാണ്.
ALSO READ – ജനവിധിയുടെ അവസാനഘട്ടം; ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും
സംസ്ഥാനത്തെ സോൻഭദ്ര ജില്ലയിൽ മറ്റ് മൂന്ന് പോൾ ഓഫീസർമാർക്കും ജീവൻ നഷ്ടപ്പെട്ടു. അതുപോലെ, ബിഹാറിലും ആകെ 10 ഇലക്ടറൽ ഓഫീസർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ മരണകാരണത്തെക്കുറിച്ച് ഡോക്ടർമാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സൂര്യതാപമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഉഷ്ണ തരംഗത്തെ അഭിമുഖീകരിക്കുന്നുണ്ട്.
ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഇക്കാരണത്താൽ, ആളുകൾ വീടിനുള്ളിൽ തന്നെ സമയം ചിലവഴിക്കാനാണ് താൽപര്യപ്പെടുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം പുറത്തിറങ്ങി ഉടൻ തന്നെ തിരിച്ചെത്തുന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. ഉത്തർപ്രദേശിലെ 13 സീറ്റുകളും ബിഹാറിലെ 8 സീറ്റുകളുമടക്കം ആകെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.