5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok sabha Election 2024: നാളെ വോട്ടെണ്ണൽ; ബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ റീ പോളിങ്

LS Election 2024 Repolling: ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ് നടക്കുക.

Lok sabha Election 2024: നാളെ വോട്ടെണ്ണൽ; ബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ റീ പോളിങ്
neethu-vijayan
Neethu Vijayan | Updated On: 03 Jun 2024 12:52 PM

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിലെ ചില പ്രദേശങ്ങളിൽ റീ പോളിങ് ആരംഭിച്ചു. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ് നടക്കുക.

പോളിങ് ദിനത്തിൽ ഈ ബൂത്തുകളിൽ ബിജെപി – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങിന് ഉത്തരവിട്ടത്.

ജൂൺ ഒന്നിന് നടന്ന അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വിവിധയിടങ്ങളിലാണ് സംഘർഷം രൂപപ്പെട്ടത്. തുടർന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുകയായിരുന്നു.

ALSO READ: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും നശിപ്പിച്ചു

സംഘർഷത്തിൽ വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞതായും പരാതിയുയർന്നിരുന്നു. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികൾ യന്ത്രങ്ങൾ നശിപ്പിച്ച് സമീപത്തുള്ള കുളത്തിൽ എറിഞ്ഞതെന്നാണ് വിവരം. എന്നാൽ, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചതാണ്.

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ ജയ്‌നഗർ ലോക്‌സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40, 41 നമ്പർ പോളിങ് ബൂത്തുകളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബൂത്തുകളിൽ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികൾ കുളത്തിൽ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഔദ്യോഗിക വിശദീകരണം. ബൂത്തിൽ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തിലേക്ക് എറിഞ്ഞത്.

സംഘർഷവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് എഫ്ഐആർ തയ്യാറാക്കി അക്രമികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. സന്ദേശ്ഖലി പോലെയുള്ള പ്രദേശങ്ങളിലും ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ALSO READ: മമതയുടെ അടവുകള്‍ ഫലിച്ചില്ല; ബംഗാള്‍ ബിജെപി പിടിക്കും

അതേസമയം ബംഗാളിൽ ബിജെപി ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചത്. 2019ൽ 42 സീറ്റുകളിൽ 18 എണ്ണം ബിജെപി നേടിയിരുന്നു. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിക്കുമെന്നാണ് സർവെ ഫലം പറയുന്നത്.

2019ൽ 22 സീറ്റുകളാണ് തൃണമൂൽ നേടിയത്. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ ബിജെപി നേടാനാണ് സാധ്യത. ജൻകീ ബാത്ത് സർവെ പ്രകാരം 21 മുതൽ 26 സീറ്റുകൾ വരെയാണ് ബിജെപി നേടുക. ഇന്ത്യാന്യൂസ് സർവെയിലും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം.