Lok Sabha election 2024: അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Lok Sabha election 2024: ഏറ്റവും കൂടുതൽ സീറ്റുകളിൽ ജനവിധി തീരുമാനിക്കുന്നത് യു പി യിലാണ്. ഇതിനിടെ ജയം സംബന്ധിച്ചുള്ള വാഗ്വാദങ്ങളും മുറുകുകയാണ്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നു. അഞ്ചാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്നാണ് അവസാനിക്കുക. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനമായതിനാൽ തന്നെ വോട്ടർ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തുമെന്നാണ് വിവരം.
ബാരാബങ്കിയിലാണ് ഇന്ന് രാഹുലിൻ്റെ പ്രചാരണ പരിപാടി ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും കൂടുതൽ സീറ്റുകളിൽ ജനവിധി തീരുമാനിക്കുന്നത് യു പി യിലാണ്. ഇതിനിടെ ജയം സംബന്ധിച്ചുള്ള വാഗ്വാദങ്ങളും മുറുകുകയാണ്. തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടുമെന്നും തങ്ങൾ അധികാരത്തിലേറുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
ALSO READ – ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല
പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബി ജെ പി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു. ഈ വിഷയത്തിൽ കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടിയിട്ടുണ്ട്.
ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഈ നടപടി. ഈ വിഷയം ഉന്നയിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.