Bihar Lightning Strike Death: ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍
Lightning Strikes Kill 13 in Four Bihar Districts: സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ബെഗുസരായി: ബിഹാറിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തപുരി എന്നീ നാല് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായി അഞ്ച് പേരും, ദർഭംഗയിൽ നാല് പേരും, മധുബനിയിൽ മൂന്ന് പേരും, സമസ്തപുരിയിൽ ഒരാളുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.
ഈ ജില്ലകളിൽ ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് റിപ്പോർട്ട് ചെയ്തത്. ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇടിമിന്നലേറ്റ് 13 പേർ മരിച്ചത്. അതേസമയം, ഇടിമിന്നൽ ദുരന്തത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023ൽ മാത്രം 275 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്.