Surrogate mother: വാടകഗർഭം ധരിക്കുന്നവർക്കുന്നവർക്കും പ്രസവാനുകൂല്യം നൽകണം : ഒഡീഷ ഹൈക്കോടതി
Surrogate mothers eligible for maternity benefits : വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ നേടിയതെന്ന കാരണത്താൽ വിവാഹിതയായ സർക്കാർ ജീവനക്കാരിയോട് പ്രസവാനുകൂല്യങ്ങളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
കട്ടക്ക്: സാധാരണ അമ്മമാർക്ക് നൽകുന്നതുപോലെ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിതാ ജീവനക്കാർക്കും പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന് ഒറീസ ഹൈക്കോടതി. സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥയുടെ 180 ദിവസത്തെ പ്രസവാവധി നിരസിച്ച ഒഡീഷ ഫിനാൻസ് സർവീസിനെതിരേ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വനിതാ ഓഫീസറായ സുപ്രിയ ജെന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് കെ പാണിഗ്രാഹി ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹത്തിന് ശേഷവും ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് താൻ വാടക മാതൃത്വം തിരഞ്ഞെടുത്തെന്നും വാടക അമ്മ ഗർഭം ധരിച്ച കുഞ്ഞിനെ 2018 ഒക്ടോബറിൽ പ്രസവിച്ചുവെന്നും ജെന വാദിച്ചു. തുടർന്ന് പ്രസവാവധിക്ക് അപേക്ഷിച്ചെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു.
ALSO READ : ആശങ്ക ഒഴിയാതെ മെഡിക്കൽ പ്രവേശനം; നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു
വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ നേടിയതെന്ന കാരണത്താൽ വിവാഹിതയായ സർക്കാർ ജീവനക്കാരിയോട് പ്രസവാനുകൂല്യങ്ങളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. എല്ലാ അർത്ഥത്തിലും അവർ അമ്മയാണെന്നും പ്രസവിച്ച ഉടൻ കുഞ്ഞിനെയാണ് കയ്യിൽ ലഭിക്കുന്നത്, പ്രസവ അവധി ഒരു അമ്മയ്ക്ക് മാത്രമല്ല, നവജാത ശിശുവിനെ വളർത്തുന്നതിനും അത്യാവശ്യമാണെന്ന് ജന വാദിച്ചു.
ഒരു നവജാത ശിശുവിന് പരിചരണം ആവശ്യമാണ്. കുഞ്ഞിന് അമ്മയുടെ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഏറ്റവും നിർണായക കാലഘട്ടവുമാണ് ഇത് എന്നും,” ജെന ഹർജിയിൽ പറഞ്ഞു. ദത്തെടുക്കുന്ന അമ്മയ്ക്ക് പ്രസവാവധി നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ, വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്ക് പ്രസവാവധി നൽകാൻ വിസമ്മതിക്കുന്നത് തികച്ചും അനുചിതമാണെന്ന് ഹൈക്കോടതി പറഞ്ഞു.
തുടർന്ന് ജെനയ്ക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നു മാസത്തിനകം നൽകാനും നിർദ്ദേശമുണ്ട്. ജസ്റ്റിസ് എസ്.കെ പാനിഗ്രഹിയുടെ സിംഗിൾ ജഡ്ജി ബെഞ്ചിൻറേതാണ് വിധി. 2020ൽ സമർപ്പിച്ച ഹർജി ജൂൺ 25നാണ് പരിഗണിച്ചത്.