Bandipora Encounter: ലഷ്കർ കമാൻഡറെ വധിച്ച് ഇന്ത്യൻ സൈന്യം; ബന്ദിപൂരിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് പരിക്കേറ്റു
Jammu Kashmir Bandipora Encounter: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീർ പോലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഒളിച്ചിരുന്ന ഭീകരർ ഇവർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ചതായി ഇന്ത്യൻ സൈന്യം. ലഷ്കർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീർ പോലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഒളിച്ചിരുന്ന ഭീകരർ ഇവർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഭീകരരുടെടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആക്രമണമുണ്ടായത്. അതേസമയം, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി, ബന്ദിപ്പോരയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനെക്കുറിച്ച് വിലയിരുത്തി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികൾ സമഗ്രമായി മലസ്സിലാക്കാനുമാണ് അദ്ദേഹം അവിടേക്കെത്തിയത്.
അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രി പാകിസ്ഥാൻ്റെ വെടിവയ്പ്പ് ഉണ്ടായി. ശക്തമായി തിരച്ചടിച്ചയാതി ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പിൽ ആർക്കും പരിക്കുകളില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
അതേസമയം 1960-ൽ ഒപ്പുവച്ച സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യ വ്യാഴാഴ്ച പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതുസയ്ക്ക് കേന്ദ്ര ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചുകൊണ്ട് കത്തയച്ചത്. ആദ്യ ഘട്ടമായി സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ട് വിജ്ഞാപനമിറക്കുകയും ചെയ്തു.
തുടർച്ചയായി അതിർത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറിൽ നിന്നും പിന്മാറാൻ കാരണമെന്ന് വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് പാകിസ്താൻ്റെ ഭാഗത്ത് നിന്ന് വരുന്ന മുന്നറിയിപ്പ്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അക്രമണത്തിന് പിന്നാലെ അടച്ചിട്ടിരിക്കുകയാണ്. 120 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അതിർത്തി കടന്നുള്ള വ്യാപാരത്തിന്റെ നിർണായക ഭാഗം കൂടിയാണിത്.