La Nina : ലാ നിന ശക്തി പ്രാപിക്കുന്നു; ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കനത്ത മഴയ്ക്കൊപ്പം വെള്ളപ്പൊക്കവും ഉരുൾപൊട്ടലും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
La Nina Weather Heavy Rain : രാജ്യത്ത് ലാ നിന ശക്തി പ്രാപിക്കുന്നതിനാൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കനത്ത മഴയ്ക്കൊപ്പം വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ഉണ്ടാവാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലായിൽ ശരാശരിയെക്കാൾ അധിക മഴ ലഭിച്ചു എന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്ത് ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കനത്ത മഴയ്ക്കൊപ്പം വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാവാൻ ഇടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ മാസം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസത്തിന് അനുകൂല സാഹചര്യം ഉണ്ടാവാമെന്നും ഇത് അതിശക്തമായ മഴയ്ക്ക് (Kerala Rain Alert) കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. വിവിധ ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“സെപ്തംബറിൽ മഴ വർധിക്കാൻ ലാ നിന പ്രതിഭാസം കാരണമാവും. മൺസൂണിൻ്റെ രണ്ടാം പാതിയിൽ സാധാരണയിലും കൂടിയ മഴ രാജ്യത്തിൻ്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലുമുണ്ടാവും. വടക്കുകിഴക്കൻ പ്രദേശങ്ങളിലും ലഡാക്ക്, സൗരാഷ്ട്രം കച്ച് തുടങ്ങിയ ഇടങ്ങളിൽ ഇത് ബാധിക്കില്ല. ഇവിടെ സാധാരണയിലും കുറഞ്ഞ മഴയാവും ഉണ്ടാവുക. ജൂലായ് മാസത്തിൽ രാജ്യത്ത് ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം കൂടുതല്‍ മഴ രേഖപ്പെടുത്തി.” കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.
ഓഗസ്റ്റ് തുടക്കത്തിൽ മഴ കുറവായിരിക്കുമെങ്കിലും മാസാവസാനത്തിലും സെപ്തംബറിലും അതിശക്ത മഴയ്ക്ക് സാധ്യത കല്പിക്കുന്നുണ്ട്. ഇത് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലും ഉണ്ടാവാനുള്ള സാധ്യതകൾ വർധിപ്പിക്കും.
വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
Also Read : Kerala Rain Alerts : വടക്കൻ ജില്ലകളിൽ ഒന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മഴയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി തുടരുകയാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ചയും ശക്തമായ മഴ തുടരും. മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഞായറാഴ്ച രാത്രി ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.