Manipur Conflict: മെയ്തികളുടെ ‘തങ്ജിംഗ് ഹിൽ’ സന്ദർശനം; പ്രതിഷേധിച്ച് കുക്കി വിഭാഗം
Manipur Conflict: തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ മെയ്തികളെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ അനുവദിക്കില്ലെന്ന് കുക്കി വിഭാഗം. താങ്ജിംഗ് കുന്നിലേക്കുള്ള തീർത്ഥാടനം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടന ലംഘനമാണെന്ന് മെയ്തികൾ പ്രതികരിച്ചു.

ഗുഹാവത്തി: കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രമായ താങ്ജിംഗ് കുന്നുകൾ സന്ദർശിക്കാനുള്ള മെയ്തികളുടെ തീരുമാനത്തിൽ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ മെയ്തികളെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ അനുവദിക്കില്ലെന്ന് കുക്കി വിഭാഗം പറഞ്ഞു. പുണ്യ സ്ഥലത്തേക്കുള്ള റോഡുകൾ ഉപരോധിച്ചു.
പ്രതിഷേധത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർ കുന്നുകളിലേക്കുള്ള റോഡുകൾ ഉപരോധിക്കുന്നതും മെയ്തികൾ കാറുകളിൽ ചുരാചന്ദ്പൂരിലേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ‘മണിപ്പൂരിനെ കുന്നുകളും താഴ്‌വരയുമായി വിഭജിക്കു’, ‘മെയ്തികൾ ഇല്ലാതെ കുന്നുകൾ സുരക്ഷിതമാണ്’, ‘ബഫർ സോണിനെ ബഹുമാനിക്കുക’ തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് കുക്കി വിഭാഗത്തിന്റെ പ്രതിഷേധം.
മെയ്തി വിഭാഗക്കാരുടെ പുണ്യ സ്ഥലമാണ് താങ്ജിംഗ് കുന്നുകൾ. തങ്ങളുടെ ക്ഷേമത്തിനായി, മെയ്തി ദേവതയായ ലൈനിങ്തോ സനമഹിക്ക് വഴിപാടുകൾ അർപ്പിക്കുന്നതിനായി എല്ലാ വർഷവും ഏപ്രിലിൽ നിരവധി മെയ്തികൾ താങ്ജിംഗ് കുന്നുകൾ സന്ദർശിക്കാറുണ്ട്. എന്നാൽ 2023 മെയ് മാസത്തിൽ മെയ്തികളും കുക്കികളും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം താങ്ജിംഗ് കുന്ന് മെയ്തികൾക്ക് പ്രവേശനമില്ലാത്ത സ്ഥലമായി തുടരുകയാണ്.
As Meitei devotees prepare for their annual pilgrimage to Thangjing Hill, Chin Kuki Militants and public gather to block this ancient tradition.
Now @AmitShah @BhallaAjay26 @kuldiep86 must decide if the Indian state and rule of law will prevail or these Militants and hooligans. pic.twitter.com/JOrw5xUzEJ
— Meitei Heritage Society (@meiteiheritage) April 13, 2025
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് മെയ്തി വിഭാഗവും രംഗത്തെത്തി. ‘നിയമവാഴ്ച നിലനിൽക്കണമോ എന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമോ എന്നും ഇന്ത്യൻ ഭരണകൂടം തീരുമാനിക്കണം” എന്ന് മെയ്തി ഹെറിറ്റേജ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
താങ്ജിംഗ് കുന്നിലേക്കുള്ള തീർത്ഥാടനം ഒഴിവാക്കുമെന്ന് ആവശ്യപ്പെടുന്നത് “ഭരണഘടനാ വിരുദ്ധവും സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും മതപരമായ ആചാരങ്ങൾക്കുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
മുൻകരുതലിന്റെ ഭാഗമായി ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലെ മൊയ്‌രാങ്, ഫൗഗക്ചായ് ഇഖായ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.