Konkan Railway : കൊങ്കൺ പാതയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
Konkan Railway Landslide : കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ട്രെയിനുകൾ വഴിതിരിച്ച് വിട്ടു. കേരളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ പത്തിലധികം ട്രെയിനുകളാണ് വഴിതിരിച്ച് വിട്ടത്.
കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം. കേരളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ പല ട്രെയിനുകളും വഴിതിരിച്ച് വിട്ടു. ഇത് മലബാറിൽ നിന്നുള്ള യാത്രക്കാരെ സാരമായി ബാധിക്കും.
ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടാവുകയും വെള്ളെക്കെട്ട് രൂപപ്പെടുകയും ചെയ്തത്. ഇതോടെ ട്രെയിൻ ഗതാഗതം തടസപ്പെടുകയായിരുന്നു. ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം നടക്കുകയാണെങ്കിലും നിലവിൽ ട്രെയിനുകൾ വഴിതിരിച്ച് വിടുകയാണ്. കേരളത്തിലേക്കുള്ളതും കേരളത്തിൽ നിന്നുള്ളതുമായ പത്തിലധികം ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.
കേരളത്തിൽ നിന്നുള്ള ഏഴ് ദീർഘദൂര ട്രെയിനുകൾ ഈറോഡ് – പൻവേൽ വഴി തിരിച്ച് വിട്ടു. 19577 തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്, 16336 നാഗർകോവിൽ – ഗാന്ധിദാം എക്സ്പ്രസ്, 12283 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്, 22655 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്, 12483 കൊച്ചുവേളി – അമൃത്സർ എക്സ്പ്രസ്, 12617 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്, 16346 തിരുവനന്തപുരം – ലോകമാന്യതിലക് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഈറോഡ് – പൻവേൽ വഴിയാകും പോകുന്നത്. ഈ ട്രെയിനുകളിൽ പലതും 20 മണിക്കൂർ വരെ വൈകി ഓടുകയാണ്.
മറ്റിടങ്ങളിൽ നിന്ന് മലബാർ വഴി എത്തേണ്ട ആറ് ട്രെയിനുകൾ ഈറോഡ് – പൻവേൽ വഴിയാകും കേരളത്തിലേക്ക് പ്രവേശിക്കുക. ഇത് മലബാറിലെ യാത്രക്കാരെ ബാധിക്കും.
രാജ്യത്ത് പലയിടങ്ങളിലും മഴയും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലിയിൽ ബദരീനാഥ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിൽ റോഡിൻ്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടപ്പുണ്ട്. ബദരീനാഥ് ഹൈവേയിൽ ഇന്ന് രാവിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസും മറ്റുമെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തു.
സംഭവത്തിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ജോഷിമഠിലെ ചുംഗി ധറിൽ കുന്നിൻ്റെ ഒരു വലിയ ഭാഗം തകർന്ന് റോഡിലേക്ക് വീഴുന്നതും വലിയ പാറകൾ വഴിയിലേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. ഇതുകണ്ട് ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും സുരക്ഷയ്ക്കായി ഓടുന്നതും വീഡിയോയിലുണ്ട്. ഇവരിൽ പലരും ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതും കാണാം.
ഇടതടവില്ലാതെ പെയ്യുന്ന മഴയെത്തുടർന്ന് ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. ചമോലിയിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് വെള്ളിയാഴ്ചയും ബദരീനാഥ് ഹൈവേ തടസ്സപ്പെട്ടു. തിരക്കേറിയ ഭനേർപാനി-പിപാൽകോട്ടി നാഗ പഞ്ചായത്ത് റോഡിനെയും അംഗതല റോഡിനെയും ഈ ഗതാഗതക്കുരുക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ കനത്ത മഴയെത്തുടർന്ന് മുംബൈയിൽ പരക്കെ വെള്ളക്കെട്ടു രൂപപ്പെട്ടു. പുലർച്ചെ പെയ്ത കനത്ത മഴയാണ് നഗരത്തെ പ്രതിസന്ധിയിലാക്കിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വ്യാപക നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കിയെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മറ്റു ചില സർവീസുകൾ പുനഃക്രമീകരിച്ചിരുന്നു.