Kolkata Murder: ആർ ജി കർ മെഡിക്കൽ കോളേജിലെ സാമ്പത്തിക തിരിമറി; സന്ദീപ് ഘോഷ് അറസ്റ്റിൽ

Kolkata Murder: ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയി‌ണ് സാമ്പത്തിക ക്രമക്കേടിൽ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്.

Kolkata Murder: ആർ ജി കർ മെഡിക്കൽ കോളേജിലെ സാമ്പത്തിക തിരിമറി; സന്ദീപ് ഘോഷ് അറസ്റ്റിൽ
Updated On: 

09 Sep 2024 12:51 PM

കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ. സിബിഐ അന്വേഷണ സംഘമാണ് രണ്ടാഴ്ചയോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. സിബിഐ കസ്റ്റഡിയിലിരിക്കെ നുണ പരിശോധനയ്ക്ക് ഉൾപ്പെടെ അദ്ദേഹം വിധേയനായിരുന്നു.

ആശുപത്രിയിൽ പി ജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സമയത്ത് സന്ദീപ് ഘോഷായിരുന്നു ​പ്രിൻസിപ്പൽ. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കാണ് ഇത് വഴിവെച്ചത്. പിന്നാലെയാണ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ പശ്ചിമ ബം​ഗാൾ സർക്കാർ തീരുമാനിച്ചത്. കൽക്കട്ട ഹെെക്കോടതിയാണ് അന്വേഷണം സിബിഐയ്ക്ക് കെെമാറിയത്. വിദ്യാർത്ഥിനിയുടെ മരണ വിവരം പൊലീസിനെ അറിയിക്കാനും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും പ്രിൻസിപ്പൽ വീഴ്ച വരുത്തിയെന്നും, തെളിവുകൾ നശിപ്പിക്കാനായി ശ്രമം നടത്തിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.

വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച്ചപറ്റിയെന്നാരോപിച്ച് ഇയാളെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയിൽ നിന്ന് പുറത്താക്കിയിരുന്നു. ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്. “സഹാനുഭൂതിയോടെ വിഷയം കൈകാര്യം ചെയ്യാൻ സന്ദീപ് ഘോഷിന് കഴിഞ്ഞില്ല. വൃത്തികളാൽ ‍ഡോ.സന്ദീപ് ഘോഷ് തൊഴിലിന് അപകീർത്തി വരുത്തിയെന്നും അതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ അച്ചടക്ക സമിതി തീരുമാനിച്ചു”. ഐഎംഎ പറഞ്ഞു. ബംഗാളിലെ ഡോക്ടർമാരുടെ ആരോപണങ്ങളും ഐഎംഎ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ ആർ.ജി.കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനകം തിരികെ ആർ.ജി. കർ ആശുപത്രിയിലെത്തി. തുടർന്ന് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത് വരെ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ സന്ദീപ് ഘോഷുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 9-നായിരുന്നു കോളേജിന്റെ സെമിനാർ ഹാളിൽ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയി‌ണ് സാമ്പത്തിക ക്രമക്കേടിൽ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ വേസ്റ്റ് അഴിമതി, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യൽ, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങളും സന്ദീപിനെതിരെയുണ്ട്.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്