Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
RG Kar Medical College Junior Doctor Rape Murder Case: 2024 ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
കൊൽക്കത്ത: രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ച കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ക്രൂര കൊലപാതകത്തിൽ അവിടുത്തെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. 2024 ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ രാജ്യത്താകെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു.
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിലുള്ള സെമിനാർ ഹാളിൽ വെച്ചാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 31 കാരിയായ ജൂനിയർ ഡോക്ടറുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയിരുന്നു. ഇതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. തുടർന്ന്, അടുത്ത ദിവസം തന്നെ ആശുപത്രിയിലെ സിവിൽ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് കേസിൽ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിക്കുകയും മദ്യലഹരിയിലാണ് കൊലപാതകമെന്ന് കണ്ടെത്തുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെ ഇത്തരത്തിൽ അരക്ഷിതമായ അവസ്ഥയിൽ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥ സജീവ ചർച്ചയായി. വൈകാതെ ആ സമയത്ത് ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളും ചർച്ചാവിഷയമായി. സന്ദീപ് ഘോഷിനെതിരെ അനാസ്ഥക്ക് തെളിവ് ലഭിച്ചിട്ട് പോലും മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതല്ലാതെ വേറെ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നതും ഡോക്ടർമാരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഡോക്ടർമാർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ രാജ്യത്തെ പല ആശുപത്രികളും സ്തംഭിച്ചു. ഇതോടെ സന്ദീപ് ഘോഷിനെ സർക്കാർ, സർവീസിൽ നിന്ന് പുറത്താക്കി.
പിന്നീട് സിബിഐ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്യുകയുണ്ടായെങ്കിലും കൊലപാതക കേസിൽ പ്രതിചേർത്തില്ല. മമത ബാനർജി തന്നെ തെരുവിൽ ഇറങ്ങി സമരം നടത്തിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പ്രതിഷേധിക്കാൻ എന്ന പേരിൽ എത്തിയ ചില ആളുകൾ ആശുപത്രിയുടെ ഒരുഭാഗം അടിച്ചു തകർത്ത് സമരപന്തലിലുണ്ടായിരുന്ന ഡോക്ടർമാരെയുൾപ്പടെ ആക്രമിച്ചതും കൂടുതൽ ദുരൂഹതകൾ ഉണർത്തി. തെളിവ് നശിപ്പിക്കാനായിരുന്നു അക്രമി സംഘത്തിന്റെ ഉദ്ദേശം എന്ന രീതിയിലും സംശയം ഉയർന്നു. പ്രതിഷേധം കനത്തു. ഇതോടെ ഹൈക്കോടതിയും സുപ്രീം കോടതിയും സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സഞ്ജയ് റോയ് മാത്രമാണ് കേസിൽ പ്രതിയെന്ന നിഗമനത്തിലാണ് സിബിഐ ഒടുവിലെത്തിയത്. എന്നാൽ തുടരന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.