5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kolkata Doctor Rape-Murder : വനിതാ ഡോക്ടറുടെ കൊലപാതകം: കൊൽക്കത്ത കത്തുന്നു; ആശുപത്രി അടിച്ചുതകർത്ത് പ്രതിഷേധക്കാർ

Kolkata Doctor Rape-Murder Mob Vandalizes Hospital : കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അക്രമാസക്തമായി. ഡോക്ടർ കൊല്ലപ്പെട്ട ആശുപത്രി പ്രതിഷേധക്കാർ അടിച്ചുതകർത്തു. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകൾ ഇന്നലെ അർദ്ധരാത്രി തെരുവിലിറങ്ങി.

Kolkata Doctor Rape-Murder : വനിതാ ഡോക്ടറുടെ കൊലപാതകം: കൊൽക്കത്ത കത്തുന്നു; ആശുപത്രി അടിച്ചുതകർത്ത് പ്രതിഷേധക്കാർ
Kolkata Doctor Rape-Murder Mob Vandalizes Hospital (Image Courtesy - PTI)
abdul-basith
Abdul Basith | Published: 15 Aug 2024 10:27 AM

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡോക്ടർ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പ്രതിഷേധക്കാർ അടിച്ചുതകർത്തു. പ്രതിഷേധപ്പന്തൽ അടിച്ചുതകർത്ത ഇവർ നിരവധി വാഹനങ്ങളും നശിപ്പിച്ചു. പ്രതിഷേധക്കാർ അക്രമാസക്തരായതോടെ ആശുപത്രി കോമ്പൗണ്ടിൽ ദിവസങ്ങളായി പ്രതിഷേധം നടത്തുകയായിരുന്ന ഡോക്ടർമാരും വിദ്യാർത്ഥികളും പ്രതിഷേധം പിൻവലിച്ചു. കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

‘രാത്രി പിടിച്ചടക്കുക’ എന്ന സന്ദേശവുമായി സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സമരമാണ് തെരുവിൽ അക്രമാസക്തമായത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ അർദ്ധരാത്രി കൂട്ടമായി തെരുവിലിറങ്ങി. രാത്രി 11.55ഓടെയാണ് ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിനിറങ്ങിയത്. തുടക്കത്തിൽ സമാധാനപരമായി നടന്ന പ്രതിഷേധം ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് മുന്നിലെത്തിയപ്പോൾ അക്രമാസക്തമാവുകയായിരുന്നു. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ എമർജൻസി വാർഡും മെഡിക്കൽ ഉപകരണങ്ങളും പോലീസ് വാഹനങ്ങളും തകർത്തു. തുടർന്ന് ലാത്തി ചാർജ് നടത്തിയ പോലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി.

സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തിയ ആസൂത്രിതമായ വിദ്വേഷപ്രചാരണമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നു. ഇത് ആസൂത്രിതമാണ്, സിബിഐ ഏറ്റെടുത്ത കേസിൽ വേണ്ട പിന്തുണ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read : Independence Day 2024: രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവ്: രാഷ്ട്രപതി

കൊല്ലപ്പെട്ട യുവ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡോക്ടറുടെ ശരീരത്തിൽ നിന്ന് ബീജമെന്ന് കരുതാവുന്ന സ്രവം ലഭിച്ചെന്നും കൂടുതൽ പരിശോധനകളിൽ ഇത് വ്യക്തമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് 150 മില്ലിഗ്രാം സ്രവം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.

അതിക്രൂരമായാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. 31 വയസുകാരിയായ പിജി ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം ഈ മാസം 9ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുകയായിരുന്നു. പിതാവാണ് ആദ്യം ബലാത്സംഗാരോപണമുന്നയിച്ചത്. സംഭവത്തിന് പിന്നാലെ എമർജൻസി വാർഡ് ഒഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലെ പിജി ഡോക്ടർമാരും ജോലി ബഹിഷ്കരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്നായിരുന്നു ആവശ്യം.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പിതാവിൻ്റെ ആരോപണം ശരിയായി. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തമൊഴുകിയ തെളിവ് ലഭിച്ചു. ക്രൂരമായ മര്‍ദ്ദനത്തില്‍ യുവതിയുടെ കണ്ണടയിലെ ഗ്ലാസ് പൊട്ടി കണ്ണുകളിലേക്ക് കഷ്ണങ്ങൾ തുളച്ചു കയറിയിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 33 വയസുകാരനായ സിവിക് വളണ്ടിയർ സഞ്ജോയ് റോയ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് ആശുപത്രിയിൽ ഏത് വിഭാഗത്തിലേക്കും കടന്നുചെല്ലാൻ അനുവാദമുണ്ടായിരുന്നു. മൃതദേഹത്തിനരികെ നിന്ന് പൊട്ടിയ ബ്ലൂടൂത്ത് ഇയർഫോൺ ആണ് ഇയാളിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ പലരും തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം തിരികെ താമസ സ്ഥലത്തെത്തിയ ഇയാൾ വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങി. പിറ്റേന്ന് തെളിവ് നശിപ്പിക്കാൻ തിരികെവരികയായിരുന്നു. ഇയാൾ അശ്ലീല വിഡിയോകളുടെ അടിമയായിരുന്നു. മൊബൈൽ ഫോണിൽ നിന്ന് അശ്ലീല വിഡിയോകളുടെ ശേഖരം ലഭിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്ത മൊഴികളാണ് നൽകിയത്. ഭാര്യയെ മുൻപ് ഉപദ്രവിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

പോലീസന്വേഷണത്തിൽ പുരോഗതിയില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്. കേസ് ഏറ്റെടുത്ത സിബിഐ ആശുപത്രി സന്ദർശിച്ച് പരിശോധന നടത്തി. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചു. സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്.