5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kolkata Doctor Rape-Murder : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന; ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

Kolkata Doctor Rape-Murder CBI Psychoanalysis : കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന നടത്താൻ സിബിഐ. ആശുപത്രി പരിസരത്ത് ഏഴ് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Kolkata Doctor Rape-Murder : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന; ആശുപത്രി പരിസരത്ത് നിരോധനാജ്ഞ
Kolkata Doctor Rape-Murder CBI Psychoanalysis (Image Courtesy - PTI)
abdul-basith
Abdul Basith | Updated On: 18 Aug 2024 08:33 AM

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന നടത്തും. പ്രതി ചേർക്കപ്പെട്ട സഞ്ജയ് റോയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധ സംഘം കൊൽക്കത്തയിലെത്തി. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടരെ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു.

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് പരിസരത്ത് ഏഴ് ദിവസത്തെ നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്ന്, ഓഗസ്റ്റ് 18 മുതലാണ് നിരോധനാജ്ഞ. ആശുപത്രി പരിസരത്ത് ധർണയോ റാലിയോ പാടില്ല. കൂട്ടം കൂടരുത്. പോലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തരുത് തുടങ്ങിയ കാര്യങ്ങളാണ് കൊൽക്കത്ത പോലീസ് അറിയിച്ചത്.

Also Read : Doctor Rape-Murder: സുരക്ഷ അനിവാര്യം; സ്ത്രീകള്‍ക്ക് രാത്രി ഡ്യൂട്ടി നല്‍കില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍, പിന്നാലെ വിമര്‍ശനം

ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. സർക്കാർ സംവിധാനത്തിൻ്റെ സമ്പൂർണ പരാജയമാണിതെന്ന് കോടതി വിമർശിച്ചു. പോലീസിന് സ്വയം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എങ്ങനെ നിർഭയമായി പ്രവർത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്.

ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആശുപത്രിയ്ക്ക് നേരെ ഉണ്ടായ സംഘം ചേർന്നുള്ള ആക്രമണത്തിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ആശുപത്രിയിൽ വച്ച് വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെയാണ് ആൾക്കൂട്ട ആക്രമം ഉണ്ടായത്.

“പോലീസ് വിഷയം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാൽ ചില രാഷ്ട്രീയ പാർട്ടികളാണ് പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സംഭവത്തിന്റെ വീഡിയോ കണ്ടാൽ എന്താണ് ശെരിക്കും സംഭവിച്ചതെന്ന് നിങ്ങൾക്ക് മനസിലാകും.” മമത പറഞ്ഞു.

“പോലീസിനെ ആക്രമിച്ച രീതി കണ്ടാൽ മനസിലാകും അത് ബിജെപിയും ഇടത് പാർട്ടികളും ആണെന്നുള്ളത്. തന്റെ ചുമതലയുള്ള ഒരാളെ ഒരുമണിക്കൂറോളം കാണാതാവുകയും, പിന്നീട് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തു. പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ല. തങ്ങൾ ഒരുപാടു പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ഇതുപോലെ ആശുപത്രിയിൽ കയറി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടില്ല.”- മമത കൂട്ടിച്ചേർത്തു.

കുറ്റക്കാരെ ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയതായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദി അറിയിക്കുന്നു എന്നും പിതാവ് വ്യക്തമാക്കി. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധ റാലി നടത്തി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യമുയർത്തിയായിരുന്നു റാലി.

ഈ മാസം 14ന് അർദ്ധരാത്രിയോടെ പ്രതിഷേധക്കാരെന്ന വ്യാജേന ഒരു സംഘം ആളുകൾ ആശുപത്രിയിൽ പ്രവേശിച്ച് അത്യാഹിത വിഭാഗവും, നേഴ്‌സിങ് സ്റ്റേഷനും, മെഡിസിൻ സ്റ്റോറും ഉൾപ്പടെ അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read : Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തം, സമരത്തിന് പിന്തുണയറിയിച്ച് ബോളിവുഡ്

31 വയസുകാരിയായ പിജി ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നമായ മൃതദേഹം ഈ മാസം 9ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമോ ആത്മഹത്യയോ എന്നതായിരുന്നു ആദ്യ സംശയം. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൊലപാതകം മാത്രമല്ല, ബലാത്സംഗവും തെളിഞ്ഞു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തമൊഴുകിയ തെളിവ് ലഭിച്ചു. യുവതിയുടെ കണ്ണടയിലെ ഗ്ലാസ് പൊട്ടി കണ്ണുകളിലേക്ക് കഷ്ണങ്ങൾ തുളച്ചു കയറിയിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

സംഭവത്തിൽ 33 വയസുകാരനായ സിവിക് വളണ്ടിയർ സഞ്ജോയ് റോയ് അറസ്റ്റിലായി. ഇയാൾക്ക് ആശുപത്രിയിൽ ഏത് വിഭാഗത്തിലേക്കും കടന്നുചെല്ലാൻ അനുവാദമുണ്ടായിരുന്നു. പോലീസ് പറയുന്നത് പ്രകാരം കൃത്യത്തിന് ശേഷം തിരികെ താമസ സ്ഥലത്തെത്തിയ ഇയാൾ വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങി. ഇയാൾ അശ്ലീല വിഡിയോകളുടെ അടിമയായിരുന്നു. ഭാര്യയെ മുൻപ് ഉപദ്രവിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.