Doctor Rape-Murder: സുരക്ഷ അനിവാര്യം; സ്ത്രീകള്‍ക്ക് രാത്രി ഡ്യൂട്ടി നല്‍കില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍, പിന്നാലെ വിമര്‍ശനം
Kolkata Rape-Murder Case Updates: രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രാറ്റിറര്‍ ഷതി അഥവാ രാത്രി സഹായികള്‍ എന്ന പേരില്‍ പുതിയ പദ്ധതിയും ബംഗാള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത: സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രാത്രി ഷിഫ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. വനിതാ ഡോക്ടര്‍മാരുടെ ജോലി സമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കി കുറയ്ക്കാനും നിര്‍ദേശമുണ്ട്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് പുതിയ നടപടി.
രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രാറ്റിറര്‍ ഷതി അഥവാ രാത്രി സഹായികള്‍ എന്ന പേരില്‍ പുതിയ പദ്ധതിയും ബംഗാള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഈ പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ കോളേജുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി പ്രത്യേക നടപടികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഇവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. വനിതാ ഡോക്ടര്‍മാരുടെ ജോലി സമയം പന്ത്രണ്ട് മണിക്കൂറായി കുറച്ച്, അവര്‍ക്ക് നൈറ്റ് ഡ്യൂട്ടി നല്‍കുന്നതും പരമാവധി ഒഴിവാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Also Read: Ismail Haniyeh: ഹനിയ കൊല്ലപ്പെട്ടത് മിസൈല്‍ ആക്രമണത്തില്‍; മകന്റെ വെളിപ്പെടുത്തല്‍
രാറ്റിറര്‍ ഷതി പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സുരക്ഷ പരിശോധനകളും ബ്രീത്ത് അനലൈസര്‍ പരിശോധനകളും നടത്തും. രാറ്റിറര്‍ ഷതി എന്ന പേരില്‍ വനിത വളണ്ടിയര്‍മാരെ രാത്രിയില്‍ വിന്യസിക്കും. കോളേജുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷിതമായ മേഖലകള്‍ കണ്ടെത്തും.
പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ മൊബൈല്‍ ആപ്പ് നിര്‍മിക്കുകയും. ഇതില്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അലാറം ഫീച്ചര്‍ സെറ്റ് ചെയ്യും. 100,112 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ വനിതകളുടെ നൈറ്റ് ഡ്യൂട്ടി വെട്ടിച്ചുരുക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം, ഡോക്ടറുടെ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിയുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡല്‍ഹിയിലെ സെന്‍ട്രല്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെത്തി.
അതിനിടെ, ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയും കടുത്ത നിലപാടെടുത്തിരിക്കുകയാണ്. എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിന്നും സന്ദീപ് ഘോഷിനെ മാറ്റി നിര്‍ത്തുകയാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ പശ്ചിമ ബംഗാള്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരിക്കെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഇയാളോട് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജിന് സമീപത്ത് ധര്‍ണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചിട്ടുണ്ട്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊലപാതകത്തില്‍ രാജവ്യാപകമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂറിലും മെയില്‍, ഫാക്‌സ് അല്ലെങ്കില്‍ വാട്‌സാപ് വഴി റിപ്പോര്‍ട്ട് അയയ്ക്കാനാണ് രാജ്യത്തെ എല്ലാ സംസ്ഥാന പോലീസ് സേനകള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 16ന് വൈകിട്ട് നാലുമണി മുതല്‍ റിപ്പോര്‍ട്ട് അയയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്. രണ്ടുമണിക്കൂര്‍ ഇടവിട്ടുള്ള റിപ്പോര്‍ട്ട് രാജ്യത്തെ നിര്‍ണായക വിഷയങ്ങള്‍ സംബന്ധിച്ച വിവരം കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, ആര്‍ജി കാര്‍ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതി ഇതിനെ വിമര്‍ശിച്ചത്. പോലീസിന് സ്വയം സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഡോക്ടര്‍മാര്‍ക്ക് എങ്ങനെ നിര്‍ഭയമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു.
ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടുമെന്ന് സിബിഐ ഉറപ്പ് നല്‍കിയതായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് വ്യക്തമാക്കി. ഓഗസ്റ്റ് 9നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ പിജി ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.