5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kolkata Rape Murder: കൊല്‍ക്കത്ത ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

Kolkata Rape Murder Junior Doctors Ends Their Strike: ആര്‍ജി കര്‍ ആശുപത്രിക്ക് മുന്നിലെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു ഇതേതുടര്‍ന്നാണ് സമരം ഭാഗികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Kolkata Rape Murder: കൊല്‍ക്കത്ത ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ (Image Credits: PTI)
shiji-mk
SHIJI M K | Updated On: 20 Sep 2024 06:15 AM

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം (Kolkata Rape Murder) ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ ഇവര്‍ തയാറായിട്ടില്ല. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് സിബിഐ ഓഫീസിലേക്ക് ഇന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇതോടെയാകും ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആര്‍ജി കര്‍ ആശുപത്രിക്ക് മുന്നിലെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു ഇതേതുടര്‍ന്നാണ് സമരം ഭാഗികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം ഒരു മാസം പിന്നിട്ടിരുന്നു.

Also Read: Kolkata Rape Case: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

സമരക്കാര്‍ ഉന്നയിച്ച ആവശ്യപ്രകാരം കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനേയും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലാണ് നടപടിയെടുത്തത്. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കൗണ്‍സിലിന്റെ നടപടി.

1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സന്ദീപിനെതിരെ കൗണ്‍സില്‍ നടപടിയെടുത്തത്. രജിസ്ട്രേഷന്‍ റദ്ദാക്കിയതോടെ ഇനി സന്ദീപ് ഘോഷ് ഡോക്ടറല്ല. അദ്ദേഹത്തിന് ഇനി ആരെയും ചികിത്സിക്കാന്‍ അവകാശമില്ല. നിലവില്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്.

അദ്ദേഹത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ബംഗാള്‍ ഘടകമാണ്. ഇതിന് പിന്നാലെ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്ദീപ് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കൗണ്‍സില്‍ നടപടിയെടുക്കുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് ബംഗാള്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സന്ദീപ് ഘോഷിനെതിരെ സര്‍ക്കാര്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ തനിക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഓഗസ്റ്റ് 9ന് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് സന്ദീപ് ഘോഷിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്. സാമ്പത്തിക ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ഇയാളെ സിബിഐ ചോദ്യം ചെയ്യുന്ന സമയത്താണ് ഡോക്ടറുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതും സന്ദീപിനെതിരെ അറസ്റ്റ് രേഖപ്പെടുത്തുന്നതും.

Also Read: Kolkata Murder: ആർ ജി കർ മെഡിക്കൽ കോളേജിലെ സാമ്പത്തിക തിരിമറി; സന്ദീപ് ഘോഷ് അറസ്റ്റിൽ

ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടര്‍ കൊല്ലപ്പെടുന്നതിന് തലേദിവസം സന്ദീപ് താല പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സിബിഐയ്ക്ക് ലഭിച്ചിരുന്നു. കൊലപാതക കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സന്ദീപ് ശ്രമിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചതായും മൃതദേഹം സംസ്‌കരിക്കുന്നതിന് തുടക്കം കാട്ടിയെന്നും സിബിഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിട്ടതിനുമാണ് സന്ദീപ് ഘോഷിനെ നിലവില്‍ സിബിഐ അറസ്റ്റ് ചെയ്തത്. കൂടാതെ താല പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനേയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

Latest News