Varnali Deka: ഇന്ന് മേക്കപ്പിട്ടില്ലേ മാം എന്ന കമന്റിന് ‘ഹഹ’ ഇമോജി കൊടുത്തയാള്‍ക്കെതിരെ കേസ്
Varnali Deka Files Complaint Over Facebook Comment: അസം കൊക്രാജാര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വര്‍നാലി ദേകയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിനെച്ചൊല്ലി വിവാദം. അവര്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയുള്ള കമന്റിന് ചിരിക്കുന്ന ഇമോജി ഇട്ടതിന് അമിത് ചക്രവര്‍ത്തി എന്നയാള്‍ക്കെതിരെ കേസെടുത്തു. നരേഷ് ബരുവ എന്നയാളുടെ കമന്റിനോടുള്ള പ്രതികരണമായിരുന്നു അമിതിന്റെ ഇമോജി. ഇയാളോട് 273 കിലോമീറ്റര്‍ അകലെയുള്ള കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഗുവാഹത്തി: ജില്ലാ ഡെപ്യൂട്ടി വനിതാ കമ്മീഷണറുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിനോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസ്. അസമിലെ കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായ വര്‍നാലി ദേക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് താഴെയായിരുന്നു കമന്റെത്തിയിരുന്നത്. കമന്റിന് ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
വര്‍നാലി ദേക പങ്കുവെച്ച ഫോട്ടോയില്‍ മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു കമന്റ്. ഈ കമന്റിന് പ്രതികരണവുമായി അമിത് ചക്രവര്‍ത്തി എന്നയാളാണ് ഹഹ ഇമോജി പങ്കുവെച്ചത്. ഇതിന് പിന്നാലെ വര്‍നാലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വര്‍നാലി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നരേഷ് ബാബു എന്നയാളാണ് കമന്റ് ചെയ്തത്. ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം എന്നായിരുന്നു കമന്റ്. ഇതിന് പ്രതികരണമെന്നോണമാണ് അമിത് ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്തത്. നരേഷ് ബരുവയുടെ കമന്റിനോട് വര്‍നാലി പ്രതികരിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ പ്രശ്‌നം എന്താണ് എന്നായിരുന്നു വര്‍നാലി തിരിച്ച് ചോദിച്ചത്.




തന്നെ പരിഹസിച്ച് കമന്റ് ചെയ്തതിനും അതിനെ പ്രോത്സാഹിപ്പിച്ചതും അമിതിനും ബരുവയ്ക്കും പുറമെ അബ്ദുല്‍ ചൗധരി എന്നയാള്‍ക്കെതിരെയും വര്‍നാലി പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ സൈബര്‍ സ്‌പെയ്‌സില്‍ ശല്യം ചെയ്തുവെന്നും അപകീര്‍ത്തികരമായ കമന്റുകള്‍ പങ്കുവെച്ചുവെന്നും ആരോപിച്ചാണ് വര്‍നാലി മൂവര്‍ക്കുമെതിരെ പരാതി നല്‍കിയത്.
വര്‍നാലിയുടെ പരാതിക്ക് പിന്നാലെ അമിതിനെതിരെ കേസെടുത്ത പോലീസ് ഇയാളുടെ വീട്ടില്‍ നിന്നും 273 കിലോമീറ്റര്‍ അകലെയുള്ള കൊക്രാജര്‍ കോടതിയിലേക്ക് വിളിച്ചുവരുത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റുകളുടെയെല്ലാം സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ വര്‍നാലി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354ഡി പ്രകാരമാണ് മൂവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം, കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അമിത് ചക്രവര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. വര്‍നാലി ദേക ഒരു ഐഎഎസ് ഓഫീസറാണെന്നോ അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും. അത് അറിയാതെയാണ് പോസ്റ്റിന് താഴെ വന്ന കമന്റിനോട് പ്രതികരിച്ചതെന്നുമാണ് അമിത് പറയുന്നത്.
ജനുവരി 23നാണ് കൊക്രാജര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് തനിക്ക് ഫോണ്‍ വരുന്നത്. സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് തന്നോട് അവിടേക്ക് വരാനായി ആവശ്യപ്പെട്ടു. ഒരു കാരണവുമില്ലാതെ എന്തിനാണ് താന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരുന്നതെന്ന് ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു കേസിന്റെ കാര്യം അറിയുന്നതെന്ന് അമിത് പറഞ്ഞു.
ഇത്രയും നിസാരമായ കാര്യത്തിന് കടുത്ത നടപടിയെടുക്കാന്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ സമയം ലഭിച്ചുവെന്ന് തനിക്ക് മനസിലാകുന്നില്ല. നരേഷ് ബരുവയുടെ കമന്റിനോട് മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും അമിത് കൂട്ടിച്ചേര്‍ത്തു.