Kidney Transplantation: മാറ്റിവച്ചത് മൂന്ന് വൃക്കകൾ, ഇപ്പോൾ ശരീരത്തിലാകെയുള്ളത് അഞ്ചെണ്ണം!; ‘മെഡിക്കൽ മിറാക്കിൾ’ എന്ന് ഡോക്ടർമാർ
Kidney Transplantation For Defence Ministry Scientist: പ്രതിരോധമന്ത്രാലയത്തിലെ ഒരു ശാസ്ത്രജ്ഞൻ്റെ ശരീരത്തിൽ ആകെയുള്ളത് അഞ്ച് വൃക്കകളാണ്. മൂന്ന് തവണ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്.

47 വയസുകാരനായ ശാസ്ത്രജ്ഞൻ്റെ ശരീരത്തിൽ ഇപ്പോൾ ആകെയുള്ള വൃക്കകൾ അഞ്ചെണ്ണം! പ്രതിരോധമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ദേവേന്ദ്ര ബർലേവാറാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായി മാറിയത്. മൂന്ന് തവണ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹത്തിൻ്റെ ശരീരത്തിലുള്ള അഞ്ച് വൃക്കകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മസ്തിഷ്കാഘാതം ബാധിച്ച് മരണപ്പെട്ട കർഷകൻ്റെ വൃക്കയാണ് ദേവേന്ദ്ര ബർലേവാറിൽ അവസാനമായി മാറ്റിവച്ചത്. ഇതോടെ മൂന്ന് ശസ്ത്രക്രിയകളിൽ നിന്നായി ആകെ ബർലേവാറിൻ്റെ ശരീരത്തിൽ സ്ഥാപിച്ച വൃക്കകളുടെ എണ്ണം അഞ്ചായി. രണ്ടെണ്ണം ശരീരത്തിൽ നേരത്തെ ഉണ്ടായിരുന്നതും മൂന്നെണ്ണം മാറ്റിവച്ചതും. ഇത്തരത്തിലുള്ള സർജറികളുടെ സങ്കീർണത കാരണം ഇത് വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
മനുഷ്യായുസിൽ മൂന്ന് തവണ ദാതാവിനെ കിട്ടുന്നത് തന്നെ കേട്ടുകേൾവി ഇല്ലാത്തതാണ്. ഒപ്പം, പുതിയ അവയവത്തിനായി ശരീരത്തിൽ സ്ഥലമുണ്ടാക്കണം. ഇത് എളുപ്പമല്ല. എന്നാൽ, ഹരിയാനയിലെ ഫരീദാബാദിലുള്ള അമൃത ആശുപത്രിയിലെ ഡോക്ടർമാർ ഇതിൽ വിജയിച്ചു. ഏറ്റവും അവസാനമായി മാറ്റിവച്ച വൃക്ക നേരത്തെ മാറ്റിവച്ച വൃക്കയ്ക്കും ശരീരത്തിലുണ്ടായിരുന്ന വൃക്കയ്ക്കും ഇടയിൽ വലതുഭാഗത്താണ് സ്ഥാപിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read: Sonia Gandhi Health Update : സോണിയാ ഗാന്ധി നിരീക്ഷണത്തിൽ; ആരോഗ്യനില സംബന്ധിച്ച് നിർണായക വിവരം
ഏറെക്കാലമായി വൃക്കരോഗം കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ് ബർലേവാർ. ഡയാലിസിസ് കൊണ്ടാണ് ഇയാൾ ജീവൻ നിലനിർത്തിപ്പോന്നത്. 2010 ലാണ് ബർലേവാറിന് ആദ്യമായി വൃക്ക മാറ്റിവെക്കുന്നത്. മാതാവാണ് ആദ്യത്തെ വൃക്ക നൽകിയത്. ഈ വൃക്കയുടെ ആയുസ് ഒരു വർഷമായിരുന്നു. വീണ്ടും ഡയാലിസിസ് ആരംഭിച്ചു. 2012ൽ ഒരു ബന്ധു സംഭാവന നൽകിയ വൃക്കയിലൂടെ വീണ്ടും ബർലേവാർ ജീവിതം ആരംഭിച്ചു. 10 വർഷത്തോളം ഈ വൃക്ക പ്രവർത്തിച്ചു. 2022ൽ കൊവിഡി ബാധിച്ചതോടെയാണ് ഈ വൃക്കയുടെ പ്രവർത്തനം നിലച്ചത്. ഈ സമയത്ത് ബന്ധുക്കളാരും വൃക്ക നൽകാനുണ്ടായിരുന്നില്ല. 2023ൽ വൃക്കയ്ക്കായി എൻലിസ്റ്റ് ചെയ്തു. പിന്നീട് ഇതിൽ നിന്നാണ് ഒരു കർഷകൻ്റെ വൃക്ക ലഭിക്കുന്നത്.
2025 ജനുവരി 9ന് സർജറി നടന്നു. അമൃത ആശുപത്രിയിലെ യൂറോളജി ഹെഡ് ഡോ, അനിൽ ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സർജറി. നാല് മണിക്കൂർ നീണ്ട സർജറിക്കൊടുവിൽ വിജയകരമായി വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. 10 ദിവസത്തിന് ശേഷം ബൽലേവാർ ആശുപത്രിവിട്ടു. മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തനിക്ക് വൃക്ക നൽകാൻ തയ്യാറാവരെ നന്ദിയോടെ സ്മരിക്കുന്നു എന്ന് ബർലേവർ പറഞ്ഞു.