Karnataka: ‘പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് ഫുൾ സൗജന്യമായി നൽകണം’; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്നുണ്ടല്ലോ എന്ന് കർണാടക എംഎൽഎ
MT Krishnappa MLA Alcohol: സംസ്ഥാനത്തെ പുരുഷന്മാർക്ക് എല്ലാ ആഴ്ചയിലും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക എംഎൽഎ എംടി കൃഷ്ണപ്പ. സ്ത്രീകൾക്ക് സർക്കാർ നിരവധി സൗജന്യങ്ങൾ നൽകുന്നുണ്ടെന്നും അതുകൊണ്ട് പുരുഷന്മാർക്ക് ഇതെങ്കിലും നൽകണമെന്നും കൃഷ്ണപ്പ പറഞ്ഞു.

എംടി കൃഷ്ണപ്പ
പുരുഷന്മാർക്ക് എല്ലാ ആഴ്ചയിലും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടകയിലെ ജനതാ ദൾ എംഎൽഎ എംടി കൃഷ്ണപ്പ. നിയമസഭയിലാണ് കൃഷ്ണപ്പ ഈ ആവശ്യം ഉന്നയിച്ചത്. സ്ത്രീകൾക്ക് നിരവധി സൗജന്യങ്ങൾ സർക്കാർ നൽകുന്നതിനാൽ പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യമെങ്കിലും നൽകണമെന്നായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം.
സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമൊക്കെ നൽകുന്നുണ്ട് എന്ന് കൃഷ്ണപ്പ പറഞ്ഞു. സൗജന്യ വൈദ്യുതിയടക്കം നൽകുന്നു. അതൊക്കെ നമ്മുടെ പണത്തിൽ നിന്നാണ് നൽകുന്നത്. അതുകൊണ്ട് തന്നെ മദ്യം കഴിക്കുന്നവർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യമെങ്കിലും സൗജന്യമായി നൽകണം. അവർ കുടിക്കട്ടെ. എങ്ങനെയാണ് എല്ലാ മാസവും പുരുഷന്മാർക്ക് പണം നൽകാനാവുക? അതിന് പകരമായി അവർക്ക് ആഴ്ചയിൽ രണ്ട് ഫുൾ മദ്യം നൽകുക. അത് സൊസൈറ്റികൾ വഴി വിതരണം ചെയ്യാം. അതിലെന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
Also Read: Instagram Reel: റോഡിലാകെ രക്തവും കൊലപാതകവും; റീൽ ചിത്രീകരണം കയ്യിൽ നിന്ന് പോയി: രണ്ട് പേർ അറസ്റ്റിൽ
എന്നാൽ, കൃഷ്ണപ്പയുടെ ഈ ആവശ്യത്തിനെതിരെ കോൺഗ്രസ് അംഗങ്ങളും സ്പീക്കറും രംഗത്തുവന്നു. മദ്യപാനം കുറയ്ക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രി കെജെ ജോർജ് പറഞ്ഞു. കൃഷ്ണപ്പയും പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാര്‍ രൂപീകച്ചശേഷം ഇങ്ങനെ ചെയ്തോളൂ എന്നും കെജെ ജോർജ് പറഞ്ഞു. പുരുഷന്മാർക്ക് രണ്ട് കുപ്പി മദ്യം നൽകാതെ തന്നെ നമ്മൾ പ്രയാസമനുഭവിക്കുന്നു. അപ്പോൾ മദ്യം സൗജന്യമായി നൽകിയാൽ എന്താവും അവസ്ഥയെന്ന് സ്പീക്കര്‍ യുടി ഖാദർ ചോദിച്ചു. ഇതിനിടെ എംഎൽഎമാരിൽ പലരും മദ്യപിക്കുന്നവരാണെന്ന കൃഷ്ണപ്പയുടെ അവകാശവാദം സഭയിൽ പ്രതിഷേധത്തിനിടയാക്കി.
റീൽസ് ചിത്രീകരണം പാളി, അറസ്റ്റ്
കർണാടകയിൽ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണം പാളിയതിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിലായി. സിനിമയിലെ ഒരു കൊലപാതക രംഗം റീലാക്കി ചിത്രീകരിച്ചതാണ് പ്രശ്നമായത്. റീൽസ് ചിത്രീകരണം ആളുകളിൽ ഭയപ്പാടുണ്ടാക്കിയെന്ന് കാട്ടിയായിരുന്നു അറസ്റ്റ്. കർണാടകയിലെ കൽബുർഗിയിൽ ഹംനബാദ് റിങ് റോഡിലാണ് സംഭവം നടന്നത്. സൈബണ്ണ, സച്ചിൻ എന്ന രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. മൂർച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു ഇവർ കൊലപാതക രംഗത്തിൻ്റെ റീൽസ് ചിത്രീകരണം നടത്തിയത്. ഇത് ശരിക്കും കൊലപാതകമാണെന്ന് കരുതി ആളുകൾ ഭയന്നു. ഇതിന് പിന്നാലെയാണ് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചിരുന്നു.