Karnataka Gun Fires: അബദ്ധത്തിൽ തോക്ക് പൊട്ടി; 4 വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്, സംഭവം കർണാടകയിൽ
Karnataka Accidental Gunshot Death: സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയെയും ഫാം ഉടമയെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു. അമ്മയുടെ അവസ്ഥ തൃപ്തികരമാണെ ആശുപത്രി അധികൃതർ അറിയിച്ചു. വയറ്റിൽ വെടിയേറ്റതിന് പിന്നാലെയുണ്ടായ അമിതരക്തസ്രാവത്തെത്തുടർന്നാണ് 4 വയസുകാരൻ മരിച്ചത്.

ബെംഗളൂരു: 15 വയസുകാരൻ്റെ കൈയ്യിൽനിന്ന് അബദ്ധത്തിൽ തോക്ക് പൊട്ടി നാലുവയസുകാരന് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യ നാഗമംഗലത്താണ് ദാരുണമായ സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജിത് (4) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്കും കാലിന് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 5.45ഓടെയായിരുന്നു നാഗമംഗലത്തെ ഒരു കോഴിഫാമിൽ സംഭവം നടന്നത്.
പശ്ചിമബംഗാളിൽ നിന്ന് കോഴിഫാമിൽ ജോലിക്കെത്തിയതായിരുന്നു പതിനഞ്ച് വയസുകാരൻ. വീട്ടിൽ കിടന്ന തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ പൊട്ടിയത്. ഫാം നോക്കി നടത്തുന്നതിനാലാണ് ഇവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് കണ്ട 15-കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ കാഞ്ചി വലിക്കുകയുമായിരുന്നു. രണ്ട് തവണ വെടിപൊട്ടിയതായാണ് റിപ്പോർട്ട്.
ആദ്യത്തെ വെടിയാണ് തൊട്ടടുത്തുണ്ടായിരുന്ന നാലുവയസുകാരന്റെ വയറ്റിലാണ് തറച്ചത്. രണ്ടാമത്തേത് നാലുവയസുകാരന്റെ അമ്മയുടെ കാലിലും തറച്ചതായാണ് വിവരം. വയറ്റിൽ വെടിയേറ്റതിന് പിന്നാലെയുണ്ടായ അമിതരക്തസ്രാവത്തെത്തുടർന്നാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.
അമ്മയുടെ അവസ്ഥ തൃപ്തികരമാണെ ആശുപത്രി അധികൃതർ അറിയിച്ചു. പതിനഞ്ചു വയസ്സുള്ള ആൺകുട്ടിക്കെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ലൈസൻസുള്ള തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് ആയുധ നിയമം ലംഘിച്ചതിന് കോഴി ഫാം ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയെയും ഫാം ഉടമയെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.