Kanwar Yatra 2024: ‘വെജിറ്റബിള്‍ കറിയില്‍ ഉള്ളികഷ്ണം’; കട തല്ലിപൊളിച്ച് കന്‍വാരി യാത്രക്കാര്‍
Kanwariyas Vandalized the Shop: കടയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ട പാചക തൊഴിലാളിയെ കന്‍വാരിയകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു.
ലഖ്‌നൗ: വെജിറ്റബിള്‍ കറിയില്‍ ഉള്ളികഷ്ണം കണ്ടതിന്റെ പേരില്‍ കട തല്ലിപൊളിച്ച് കന്‍വാരി യാത്രക്കാര്‍. ഹരിയാനയില്‍ നിന്നുള്ള കന്‍വാരി യാത്രക്കാര്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ റോഡരികിലുള്ള ഭക്ഷണശാലയിലാണ് ആക്രമണം അഴിച്ചുവിട്ടത്. സിസൗന ബ്ലോക്കില്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന തൗ ഹുക്കേവാല ഹരിയാന്‍വി ടൂറിസ്റ്റ് ധാബ എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ചയാണ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി സംഘം ഹോട്ടലില്‍ കയറിയത്. എന്നാല്‍ വിളമ്പിയ വെജിറ്റബിള്‍ കറിയില്‍ ഉള്ളി കഷ്ണങ്ങള്‍ കണ്ടെന്നാരോപിച്ച് കന്‍വാരിയ സംഘം ധാബ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Also Read: Kedarnath Landslide : കേദാർനാഥിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്
കടയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ട പാചക തൊഴിലാളിയെ കന്‍വാരിയകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. ഉള്ളിയും വെളത്തുള്ളിയും കഴിക്കില്ലെന്ന് ഭക്തര്‍ പ്രതിജ്ഞ എടുത്തിരുന്നുവെന്നും കറിയില്‍ ഉള്ളി കഷ്ഷണങ്ങള്‍ കണ്ടതാണ് ആക്രമണത്തിന് കാരണമായതെന്നും ചാപ്പര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റോജന്റ് ത്യാഗി പറഞ്ഞു.
ഭക്തരുടെ ഭക്ഷണത്തില്‍ ഉള്ളി വിളമ്പാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും ധാബ ഉടമ പ്രമോദ് കുമാര്‍ പറഞ്ഞു. വെളുത്തുള്ളിയും ഉള്ളിയും ഇല്ലാതെ ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോള്‍ പാചകക്കാരന്‍ സമ്മതിച്ചെന്നും എന്നാല്‍ കറി ലഭിച്ചപ്പോള്‍ അതില്‍ ഉള്ളി കഷ്ണങ്ങള്‍ കണ്ടെത്തിയെന്നും കന്‍വാര്‍ സംഘത്തിന്റെ തലവന്‍ ഹരിം ഓം പറഞ്ഞു. ശിവന് വിശുദ്ധജലം അര്‍പ്പിക്കുന്നത് വരെ തങ്ങള്‍ ഉള്ളിയും വെളുത്തുള്ളിയും കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്‍വാരിയകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എസ്പി രാജു കുമാര്‍ സാബ് പറഞ്ഞു. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്ലിം വ്യാപാരികളോട് ആവശ്യപ്പെട്ട യുപി സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി എല്‍ജെപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്ലിം വ്യാപരികള്‍ കടകളുടെ പേര് മാറ്റണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ ജെഡിയുവും നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെപിയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കവും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു.
Also Read: Nipah Virus: ഏഴുപേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടിക ഉയര്‍ന്നു
ഈ സമൂഹത്തില്‍ രണ്ട് വിഭാഗത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് സമ്പന്നരും മറ്റേത് ദരിദ്രരും. അതില്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍, മേല്‍ജാതിക്കാര്‍, മുസ്ലിങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്ന ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കണം. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിഭജനം ഉണ്ടാകുമ്പോഴെല്ലാം താന്‍ അതിനെ പിന്തുണയ്ക്കില്ല. വിദ്യാസമ്പന്നരായ ആളുകളെ ഇതെല്ലാം ബാധിക്കുമെന്ന് കരുതുന്നില്ലെന്നും പസ്വാന്‍ പറഞ്ഞു.