Maya Gogoi Case: ആറു മാസത്തോളമായി അടുപ്പം, വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം ! വ്‌ലോഗറുടെ കൊലപാതകത്തില്‍ മലയാളി യുവാവ് പിടിയില്‍
Assam vlogger Maya Gogoi Case: ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡൻ്റ് കൗൺസിലറായി ജോലി ചെയ്തു വരികയായിരുന്നു ആരവ്. ഇരുവരും ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്
ബെംഗളൂരു: അസം സ്വദേശിനിയായ വ്‌ലോഗര്‍ മായ ഗോഗോയി(19)യുടെ കൊലപാതക്കേസില്‍ കുറ്റാരോപിതനായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ തോട്ടട സ്വദേശിയായ ആരവ് ഹനോയി(21)യാണ് പിടിയിലായത്. ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ കര്‍ണാടക പൊലീസ് പിടികൂടിയതെന്നാണ് സൂചന. ഇയാളെ ഇന്ന് രാത്രി ബെംഗളൂരുവിലെത്തിക്കും.
ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡൻ്റ് കൗൺസിലറായി ജോലി ചെയ്തു വരികയായിരുന്നു ആരവ്. ഇരുവരും ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കരുതുന്നു.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അപ്പാർട്ട്മെൻ്റ് ജീവനക്കാർ ചൊവ്വാഴ്ച മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആരവ് ഓണ്‍ലൈനില്‍ നൈലോണ്‍ കത്തി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ശനിയാഴ്ചയാണ് മായയും ആരവും അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. ഇരുവരും നവംബര്‍ 23ന് അപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പ്രതി പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ വരെ യുവാവ് മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത്. കോറമംഗളയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മായ. മൃതദേഹം മുറിച്ച് കഷണങ്ങളാക്കി മറ്റ് എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാന്‍ യുവാവ് പദ്ധതിയിട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആരാണ് മായ ഗോഗോയ് ?
യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ട വ്‌ലോഗറാണ് അസം സ്വദേശിനിയായ മായ. ഫാഷന്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോകളാണ് ഇവര്‍ മുഖ്യമായും പങ്കുവച്ചിരുന്നത്. എന്നാല്‍ യൂട്യൂബില്‍ അടുത്ത നാളുകളിലൊന്നും ഇവര്‍ വീഡിയോകള്‍ പങ്കുവച്ചിട്ടില്ല. ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിയാണ് മായ.
ബെംഗളൂരുവില്‍ സഹോദരിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഓഫീസില്‍ പാര്‍ട്ടിയുള്ളതിനാല്‍ വെള്ളിയാഴ്ച വീട്ടിലേക്ക് വരില്ലെന്ന് മായ സഹോദരിയെ അറിയിച്ചിരുന്നു. ശനിയാഴ്ചയും മായ വീട്ടിലേക്ക് വന്നില്ല. തുടര്‍ന്ന് ഞായറാഴ്ച ആരവിനൊപ്പം അപ്പാര്‍ട്ടമെന്റില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.