Kallakurichi Hooch Tragedy: തമിഴ്നാട് കല്ലകുറിച്ചിയിൽ പാക്കറ്റിൽ വിറ്റ വ്യാജമദ്യം കഴിച്ച് 18 മരണം
Kallakurichi Illegal Liquor Death: ഗുരുതരാവസ്ഥയിലുള്ള രോഗികളെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട് കല്ല കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ 18 മരണം. 50-ൽ അധികം പേരാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. അനധികൃതമായി വിറ്റ പാക്കറ്റ് മദ്യം കഴിച്ചവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മദ്യം വിതരണം ചെയ്തതായി സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മദ്യം കഴിച്ചവരിൽ ചിലർക്ക് പെട്ടെന്ന് കാഴ്ചശക്തി കുറയുകയും. കഠിനമായ ഛർദ്ദിയും വയറു വേദനയും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെ സർക്കാർ ഡോക്ടർമാരെ ചികിത്സയ്ക്ക് സഹായിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി കല്ലക്കുറിച്ചി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കല്ലകുറിച്ചി എസ്പി സമയ് സിംഗ് മീനയെ തൽ സ്ഥാനത്ത് നിന്നും നീക്കി പകരം രജത് ചതുർ വേദിയെ നിയമിച്ചു. കല്ലക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺ കുമാർ ജാതവത്തിനെയും നടപടികളു ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്. കേസിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചന.
ഇയാളിൽ നിന്ന് 200 ലിറ്റർ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിൽ മാരകമായ മെഥനോളിന്റെ സാന്നിധ്യം ചാരായത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിബി-സിഐഡിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം മരിച്ചവരുടെ രക്ത സാമ്പിളുകളും വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കും.