Justice Yashwant Varma: ഞാനോ കുടുംബമോ സ്‌റ്റോര്‍ റൂമില്‍ പണം സൂക്ഷിച്ചിട്ടില്ല; അവകാശവാദവുമായി ജസ്റ്റിസ് യശ്വന്ത് വര്‍മ
Money Recovery From Justice Yashwant Varma's House: പ്രധാന കവാടം വഴിയും പിന്‍വാതില്‍ വഴിയുമെത്തുന്ന ഒരാള്‍ക്ക് സ്‌റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ വീടുമായി ഈ മുറിക്ക് ബന്ധമില്ല. പ്രധാന വസതിയില്‍ നിന്നും ഈ മുറി വേര്‍പ്പെടുത്തിയിരുന്നു. ഉപയോഗിക്കാത്ത വസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി എല്ലാവരും ആ മുറി ഉപയോഗിച്ചിരുന്നു. തന്റെ വീട്ടിലെ മുറിയല്ല അതെന്നുമാണ് യശ്വന്ത് വര്‍മ പറയുന്നത്.

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ. കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്റ്റോര്‍ റൂമില്‍ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്ന് യശ്വന്ത് ശര്‍മ പറഞ്ഞു. പ്രസ്തുത മുറി തന്റെ വസതിയില്‍ നിന്ന് വേര്‍പ്പെടുത്തിയിട്ടുള്ളതാണെന്നും അവിടേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന കവാടം വഴിയും പിന്‍വാതില്‍ വഴിയുമെത്തുന്ന ഒരാള്‍ക്ക് സ്‌റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ വീടുമായി ഈ മുറിക്ക് ബന്ധമില്ല. പ്രധാന വസതിയില്‍ നിന്നും ഈ മുറി വേര്‍പ്പെടുത്തിയിരുന്നു. ഉപയോഗിക്കാത്ത വസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി എല്ലാവരും ആ മുറി ഉപയോഗിച്ചിരുന്നു. തന്റെ വീട്ടിലെ മുറിയല്ല അതെന്നുമാണ് യശ്വന്ത് വര്‍മ പറയുന്നത്.
തീപിടിത്തമുണ്ടാകുന്ന ദിവസം താനും ഭാര്യയും മധ്യപ്രദേശിലായിരുന്നു. മകളും വൃദ്ധയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മാര്‍ച്ച് 15നാണ് തിരിച്ചെത്തിയത്. അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായതറിഞ്ഞ് മകളും തന്റെ പ്രൈവറ്റ് സെക്രട്ടറിയും ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.




തീ അണയ്ക്കുന്നതിന്റെ ഭാഗമായി വീട്ടിലെ അംഗങ്ങളോടും എല്ലാ ജീവനക്കാരോടും സ്ഥലത്ത് നിന്ന് മാറാന്‍ ഫയര്‍ ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നു. തീ അണച്ചതിന് ശേഷം സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോള്‍ പണം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനോ തന്റെ കുടുംബമോ സ്‌റ്റോര്‍ റൂമില്‍ പണം സൂക്ഷിച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന പണം തങ്ങളുടേതാണെന്ന വാദത്തെ താന്‍ ശക്തമായി അപലപിക്കുന്നു. ഈ പണം താന്‍ സൂക്ഷിച്ച് വെച്ചതല്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ഈ മുറിയിലേക്ക് എളുപ്പത്തില്‍ കയറാന്‍ സാധിക്കുമെന്നും യശ്വന്ത് വര്‍മ പറയുന്നു.
ഹോളി ദിനമായ മാര്‍ച്ച് 14ന് രാത്രിയിലാണ് യശ്വന്ത് ശര്‍മയുടെ വസതിയില്‍ തീപിടുത്തമുണ്ടായത്. ഉപയോഗത്തിന് ശേഷം ഒഴിവാക്കിയ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, മെത്തകള്‍ തുടങ്ങിയ വസ്തുക്കള്‍ സൂക്ഷിച്ച മുറിയിലായിരുന്നു തീപിടിത്തമുണ്ടായത്.
അതേസമയം, നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരടങ്ങിയ സമിതി അന്വേഷിക്കും.