JEE Student Suicide: വീണ്ടും ജെഇഇ വിദ്യാർത്ഥി ജീവനൊടുക്കി; 24 മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ
Two JEE Student Commits Suicide: അഭിഷേക് ലോധയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് ഹരിയാനയിലെ മഹേന്ദ്രഗഡിൽ നീരജ് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ജയ്‌പൂർ: ജെഇഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശിയായ അഭിഷേക് ലോധ എന്ന 21 കാരനെ ആണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിലുള്ള താമസ സ്ഥലത്തെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാം അഥവാ ജെഇഇ പാസാകുമുയെന്ന ആശങ്ക അഭിഷേക് ലോധയ്ക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇതേക്കുറിച്ച് ആത്മഹത്യാക്കുറിപ്പിലും യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയിലാണ് മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ ജെഇഇ പഠിക്കാനായി കോട്ടയിൽ എത്തുന്നത്.
അഭിഷേക് പഠിക്കാൻ മിടുക്കൻ ആയിരുന്നു എന്നും, കോട്ടയിൽ പഠിക്കണം എന്നത് അവന്റെ തീരുമാനം ആയിരുന്നുവെന്നും യുവാവിന്റെ മൂത്ത സഹോദരൻ അജയ് പറയുന്നു. അഭിഷേക് നിരന്തരം ഫോണിൽ ബന്ധപ്പെടുമായിരുന്നു എന്നും അപ്പോഴൊന്നും പഠനത്തിൽ പ്രയാസം അനുഭവിക്കുന്നതായി പറഞ്ഞിരുന്നില്ല എന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി.
പരീക്ഷയുടെ ടെൻഷൻ കാരണം ആയിരിക്കാം കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ ജീവനൊടുക്കുന്ന രണ്ടാമതി ജെഇഇ വിദ്യാർത്ഥി ആണ് അഭിഷേക്. അഭിഷേക് ലോധയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് ഹരിയാനയിലെ മഹേന്ദ്രഗഡിൽ നീരജ് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ALSO READ: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ
ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയായ നീരജ് ജാട്ട് എന്ന 19 കാരനെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി കോട്ടയിൽ താമസിച്ച് ജെഇഇക്ക് തയ്യാറെടുക്കുകയായിരുന്നു നീരജ്. ആനന്ദ് കുഞ്ച് റസിഡൻസിയിലെ ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
അടുത്ത ദിവസം രാവിലെ ഹോസ്റ്റൽ ഉടമകൾ മുറികളിലെത്തി വിദ്യാർഥികളെ പരിശോധിക്കുന്നതിനിടെ നീരജ് മാത്രം മുറി തുറന്നില്ല. തുടർന്ന്, സ്‌കൈലൈറ്റിലൂടെ നോക്കിയപ്പോൾ ആണ് ഫാനിൽ തൂങ്ങിയ നിലയിൽ നീരജിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഇതാദ്യമല്ല. അടുത്തിടെ, 2024 ഡിസംബർ 20ന് ജെഇഇക്ക് തയ്യാറെടുക്കുകയായിരുന്ന ബീഹാർ സ്വദേശിയായ മായങ്ക് സിംഗ് ആത്മഹത്യ ചെയ്തിരുന്നു. അതിന് മുൻപ്, ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ അശുതോഷ് ചൗരസ്യ എന്ന വിദ്യാർത്ഥിയും കോട്ടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറിലധികം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2018 മുതൽ 2024 വരെയുള്ള കാലയളവിൽ കോട്ടയിൽ ആത്മഹത്യ ചെയ്തത് 104 വിദ്യാർത്ഥികളാണ്. 2024ൽ മാത്രം 15 വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 2022ൽ 15-ും, 2018ൽ 20-ും, 2019ൽ 28-ും, വിദ്യാർഥികൾ ജീവനൊടുക്കി.