Janaki Ramachandran: ദക്ഷിണേന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയായ വൈക്കത്തുകാരി ; മലയാളി മറന്നൊരു പേര്- ജാനകി രാമചന്ദ്രൻ

First Lady CM of South India: 1984-ൽ രാമചന്ദ്രനു പക്ഷാഘാതം വന്നപ്പോൾ അദ്ദേഹത്തിനും പാർട്ടിക്കും ഇടയിൽ ഇടനിലക്കാരിയായി തുടങ്ങിയ രാഷ്ട്രീയം 1987-ൽ എം.ജി ആറിൻ്റെ മരണത്തോടെ അദ്ദേഹത്തിൻ്റെ പകരക്കാരിയായി ആ സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

Janaki Ramachandran: ദക്ഷിണേന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയായ വൈക്കത്തുകാരി ; മലയാളി മറന്നൊരു പേര്- ജാനകി രാമചന്ദ്രൻ

VN-JANAKI

Updated On: 

27 Jun 2024 15:30 PM

വൈക്കം : ദക്ഷിണേന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയുടെ കാലാവധി 23 ദിവസം മാത്രമായിരുന്നുവെന്നത് ചരിത്രത്തിലെ അതിശയകരമായ വസ്തുതയാണ്. അതിന് ഭാഗമായത് വൈക്കത്തുകാരിയായ ജാനകി രാമചന്ദ്രൻ അഥവ വിഎൻ ജാനകി ആയിരുന്നു എന്നത് മറ്റൊരു അതിശയമാണ്. മലയാളി മറന്ന ആ വനിതയുടെ സ്മൃതിമണ്ഡപം കാണാം വൈക്കം നഗരത്തിൽ. ജാനകി രാമചന്ദ്രൻ്റെ ഓർമകൾ ഉറങ്ങുന്ന ആ കെട്ടിടത്തിൻ്റെ പേര് മണി മന്ദിരം എന്നാണ്.

സമീപത്ത് തമിഴ്നാട് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്മൃതി മണ്ഡപത്തിൽ തമിഴ്നാടിൻ്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ എംജിആറിന്റെയും ഭാര്യ ജാനകി രാമചന്ദൻ്റെയും പ്രതിമകൾ കാണാം. തൊട്ടടുത്തായി വൈക്കം സത്യാ​ഗ്രഹത്തിനെത്തിയ തന്തൈ പെരിയോരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകവും.

വൈക്കത്ത് ജനിച്ച വി.എൻ ജാനകി തന്നെയാണ് ഇന്ത്യ മുഴുവൻ അറിയപ്പെട്ട ജാനകി രാമചന്ദ്രനെന്ന് തെല്ല് അതിശയത്തോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ആ പ്രതിമ അവിടെ വരുന്നത് വരെ ഈ സത്യം പരിസരവാസികളിൽ പോലും പലർക്കും അറിയില്ലായിരുന്നത്രേ.

കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ജാനകി രാമചന്ദ്രൻ്റെയും എംജി ആറിൻ്റെയും പ്രതിമ

വൈക്കത്തെ ജാനകി എങ്ങനെ ജാനകി രാമചന്ദ്രനായി

കോട്ടയം ജില്ലയിലെ വൈക്കത്തായിരുന്നു ജാനകിയുടെ അമ്മ നാരായണിയുടെ വീട്. മാതൃദായ പരമ്പര നിലനിന്ന അന്നത്തെക്കാലത്ത് സംബന്ധങ്ങൾ സർവ്വ സാധാരണമായിരുന്നു. തഞ്ചാവൂരിൽ നിന്നെത്തിയ തമിഴ്ബ്രാഹ്മണനായ രാജ​ഗോപാൽ അയ്യരെ നാരായണിയമ്മ സംബന്ധം ചെയ്തതോടെ കഥ തുടങ്ങുന്നു. സംഗീതജ്ഞനും സംഗീത സംവിധായകനുമായ പാപനാശം ശിവൻ്റെ സഹോദരനായിരുന്നു അദ്ദേഹം.

അവരുടെ മകളായി 1923 നവംബർ 30 -ന് ജനിച്ച ജാനകി 17-ാം വയസ്സിൽ അമ്മയുടെ പാത പിൻതുടർന്ന് ​ഗണപതി ഭട്ടെന്ന ബ്രാഹ്മണനെത്തന്നെ സംബന്ധം ചെയ്തു. ആ ബന്ധത്തിൽ സുരേന്ദ്രൻ എന്ന മകനും ഇവർക്ക് ജനിച്ചു. പിന്നീട് ബന്ധം പിരിഞ്ഞ് അച്ഛനൊപ്പം മദ്രാസിലെത്തി.

അതിനു ശേഷമാണ് ജാനകി സിനിമയിൽ രം​ഗപ്രവേശം ചെയ്തത്. മന്മഥവിജയം (1939) സാവിത്രി (1941) എന്നിവയായിരുന്നു ജാനകിയുടെ ആദ്യകാല ചിത്രങ്ങൾ. 1948-ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്നാണ് അന്നത്തെ സൂപ്പർസ്റ്റാറിൻ്റെ നായികയായി ജാനകിക്ക് അവസരം ലഭിക്കുന്നത്.

രാജമുക്തി, മോഹിനി തുടങ്ങിയ ചിത്രങ്ങളിൽ രാമചന്ദ്രനൊപ്പം ജാനകി തിളങ്ങി. 1950-കളിൽ വേലൈക്കാരി , മറുനാടാട്ട് ഇളവരശി തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയം തുടർന്ന അവർ 1960-ഓടെ അഭിനയ ജീവിതത്തോടെ പൂർണമായും വിടപറഞ്ഞു. അന്നൊന്നും ഒരിക്കൽ പോലും രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കാതിരുന്ന ജാനകിയുടെ ജീവിതം മാറ്റിമറിച്ചത് എം.ജി ആറെന്ന വ്യക്തി തന്നെയായിരുന്നു.

എം.ജി ആറിൻ്റെ ‌ഭാര്യ ആ കാലത്താണ് മരണപ്പെടുന്നത്. തുടർന്ന് ജാനകി അദ്ദേഹത്തിന് ആശ്വാസവും ജീവിതവുമായി. ആദ്യം ഒരുമിച്ച് താമസിച്ചു തുടങ്ങിയ ഇവർ 1962-ൽ നിയമപരമായി വിവാഹതരായി. മൂന്ന് വിവാഹങ്ങളിലും കുട്ടികളില്ലാത്ത രാമചന്ദ്രൻ, അവളുടെ ആദ്യ വിവാഹത്തിൽ നിന്ന് മകനായ സുരേന്ദ്രനെ സ്വന്തം മകനായി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു.

വൈക്കം നഗരത്തിലെ ജാനകി രാമചന്ദ്രൻ്റെയും എം ജി ആറിൻ്റെയും സ്മാരക മന്ദിരം

24 ദിവസത്തെ മുഖ്യമന്ത്രി

വീടിനുള്ളിൽ ഭാര്യവേഷത്തിൽ ഒതുങ്ങിയ ജാനകി രാഷ്ട്രീയത്തിലേക്ക് എത്തുന്നത് എം.ജി ആർ വീണതിനു ശേഷമാണ്. രാഷ്ട്രീയ പിൻ​ഗാമികളായി ജയലളിത ഉൾപ്പെടെയുള്ള പല നേതാക്കളേയും രാമചന്ദ്രൻ വളർത്തിയെങ്കിലും അദ്ദേഹത്തിനു ശേഷം അധികാരത്തിലെത്തിയത് ജാനകിയായിരുന്നത് വിധിയുടെ കളിയെന്നു പറയാം.

1984-ൽ രാമചന്ദ്രനു പക്ഷാഘാതം വന്നപ്പോൾ അദ്ദേഹത്തിനും പാർട്ടിക്കും ഇടയിൽ ഇടനിലക്കാരിയായി തുടങ്ങിയ രാഷ്ട്രീയം 1987-ൽ എം.ജി ആറിൻ്റെ മരണത്തോടെ അദ്ദേഹത്തിൻ്റെ പകരക്കാരിയായി ആ സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

പാർട്ടിയുടെ ആവശ്യപ്രകാരം നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അങ്ങനെ 1988-ൽ ജാനകി രാമചന്ദ്രൻ തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. വെറും 24 ദിവസം മാത്രമായിരുന്നു ആ ​ഗവൺമെൻ്റിന് ആയുസ്സുണ്ടായിരുന്നത്. തമിഴ്‌നാടിൻ്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം അധികാരത്തിലിരുന്ന സർക്കാരും മുഖ്യമന്ത്രിയും ആയിരുന്നു അത്.

ജാനകി രാമചന്ദ്രൻ്റെ ഓർമ്മയ്ക്കായി നിർമ്മിച്ച മണിമന്ദിരം എന്ന സ്മാരകം

വിശ്വാസ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് തോൽവിയും

1988- ജനുവരിയിൽ മന്ത്രിസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പ് സംഘർഷത്തിലാണ് അവസാനിച്ചത്. 194 എം.എൽ.എമാരുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം 3 വിഭാഗങ്ങളായി പിരിഞ്ഞതാണ് ഇതിന് കാരണം. 30 എം.എൽ.എമാർ ജയലളിതയെ പിന്തുണയ്ക്കുകയും ഒരു ഗ്രൂപ്പും 101 എം.എൽ.എ.മാർ ജാനകിയെ പിന്തുണയ്ക്കുകയും ചെയ്തു.

ബാക്കിയുള്ള കോൺ​ഗ്രസ് ഉൾപ്പെടുന്ന വിഭാ​ഗം നിഷ്പക്ഷ്ഷമായി നിന്നു. തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ സ്പീക്കർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഒടുവിൽ രാജീവ് ഗാന്ധിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 356 ൽ അനുശാസിക്കുന്ന അധികാരം ഉപയോ​ഗിച്ച് സർക്കാർ പിരിച്ചുവിട്ടു.

1989-ൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ജാനകി പരാജയപ്പെടുകയായിരുന്നു. എഐഎഡിഎംകെയുടെ ഇരു വിഭാഗങ്ങളും ഒന്നിച്ചതിന് ശേഷം അവർ രാഷ്ട്രീയം വിടുകയും ചെയ്തു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നാലും സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അവർ. ചെന്നൈയിലെ നിരവധി സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന സത്യ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക ചെയർമാനായിരുന്നു ജാനകി.

തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി തൻ്റെ കോടിക്കണക്കിന് ഡോളറിൻ്റെ സ്വത്ത് അവർ നൽകിയിട്ടുണ്ട്. ജാനകി രാമചന്ദ്രൻ എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ച അവർ 1996 മെയ് 19 -ന് ഹൃദയാഘാദത്തെ തുടർന്നാണ് വിടപറഞ്ഞത്.ജാനകി രാമചന്ദ്രൻ്റെ കഥകൾ വിസ്‍മൃതിയിലായിരിക്കുമ്പോഴാണ് അവരുടെ ജന്മശതാബ്ധി എത്തുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി വൈക്കത്ത് ഇതിൻ്റെ ഭാ​ഗമായി എത്തും എന്ന വാർത്ത വന്നതോടെ മലയാളികൾ വീണ്ടും ഓർമ്മിച്ചു ആ ചരിത്രം. വേരുകൾ തമിഴ്നാട്ടിലവശേഷിപ്പിച്ച് തമിഴ് മണ്ണിൽ ചരിത്രമെഴുതിയ മലയാളികളുടെ കഥകൾ ഏറെ കേട്ടെങ്കിലും ജാനകി എന്ന പേര് അതിൽ നിന്ന് വേറിട്ട് നിൽക്കും. അത് തമിഴകത്തിന് എംജി ആറിനൊപ്പം പ്രീയപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ പത്നിയും എന്നതു തന്നെ കാരണം.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ