Kashmir Mystery Illness: കശ്മീരിലെ നിഗൂഢ രോഗം; ഒരാളുടെ നില ഗുരുതരം, കണ്ടെയിൻമെന്റ് സോണായി ബദാൽ
Jammu kashmir Mystery Illness Latest Update: കഴിഞ്ഞ 50 ദിവസത്തിനിടെ ഗ്രാമത്തിൽ 17 പേർ മരിക്കുകയും കുറഞ്ഞത് 31 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന അജാസ് ഖാനെ (25) എന്ന ആളുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അജാസ് ഖാനെ ബുധനാഴ്ച പുലർച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് മാറ്റി.
ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യാപിക്കുന്ന നിഗൂഢ രോഗം ആശങ്കപരത്തുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇതേ രോഗലക്ഷണങ്ങളുമായി അഞ്ച് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ വ്യാപനത്തെതുടർന്ന് ബാദൽ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി രജൗരി അധികൃതർ പ്രഖ്യാപിച്ചു. ആളുകൾ കൂടുച്ചേരുന്നതോ മറ്റ് പരിപാടികളോ പാടില്ലെന്നാണ് അറിയിപ്പ്.
ഡിസംബർ മുതൽ, മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 17 അംഗങ്ങളാണ് നിഗൂഢ രോഗം ബാധിച്ച് മരിച്ചത്. പ്രദേശത്ത് മറ്റ് പലരിലും രോഗബാധിച്ചിട്ടുണ്ട്. അതിനിടെ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശങ്ക വർദ്ധിച്ചു. കഴിഞ്ഞ 50 ദിവസത്തിനിടെ ഗ്രാമത്തിൽ 17 പേർ മരിക്കുകയും കുറഞ്ഞത് 31 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന അജാസ് ഖാനെ (25) എന്ന ആളുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അജാസ് ഖാനെ ബുധനാഴ്ച പുലർച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ മുമ്പ് സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയിരുന്നു. ആർമിയുടെ ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
കണ്ടെയ്ൻമെൻ്റ് സോണുകളിൽ വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥർ അവിടെയുള്ള കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണങ്ങളിലും മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യുമെന്നും, അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിലെ മറ്റ് വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലർത്തിയവരെയും തുടർച്ചയായ നിരീക്ഷിച്ചുവരികയാണെന്നും, ഉടൻ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ, രോഗത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം 11 അംഗ അന്തർ-മന്ത്രിതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനുവരി 19 ന് സംഘം രജൗരിയിൽ സന്ദർശിച്ച് അവിടെ നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘം ബാധൽ ഗ്രാമം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, ജമ്മു കശ്മീർ പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. സംശയം തോന്നുന്ന വ്യക്തികളെ ചോദ്യം ചെയ്യുന്നതും അവരുടെ മൊബൈൽ ഫോണുകൾ സ്കാൻ ചെയ്യുന്നതും ഉൾപ്പെടെയുള്ള സാധ്യമായ ക്രിമിനൽ പ്രവർത്തനങ്ങൾ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ വ്യക്തമായ കാരണങ്ങൾ ലഭിച്ചിട്ടില്ല.