Jammu Kashmir Encounter: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, പാക് ഭീകരനെ വധിച്ചു
Terrorist Attack in Jammu Kashmir: കുപ്‌വാരയില്‍ ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്‌വാരയിലെ കോവാട് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാകിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. സംഭവത്തില്‍ മേജര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
കുപ്‌വാരയില്‍ ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്‌വാരയിലെ കോവാട് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, ജമ്മുവിലെ ഡോഡയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പുണ്ടായിരുന്നു. കാസ്തിഗഡിലെ അപ്പര്‍ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിന് മുമ്പും ഇവിടുത്തെ സാദാന്‍ ലോവര്‍ പ്രൈമറി സ്‌കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരര്‍ വനമേലയിലേക്ക് ഓടിക്കളഞ്ഞുവെന്നും സൈന്യം അറിയിച്ചു.