Assembly Elections 2024 : പത്ത് വർഷങ്ങൾക്ക് ശേഷം കശ്മീർ താഴ്വര പോളിങ് ബൂത്തിലേക്ക്; ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
J&K And Haryana Assembly Election 2024 : ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ജാർഖണ്ഡ്, മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ് സംഘടിപ്പിക്കും.
ന്യൂ ഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള (Jammu & Kashmir, Haryana Assembly Elections 2024) തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൻ്റെ പ്രത്യേക അവകാശം നീക്കം ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഓഗസ്റ്റ് 16 തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലായിട്ടാണ് ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ഒക്ടോബർ ഒന്നാം തീയതി ഒറ്റഘട്ടമായി ഹരിയാനയിൽവോട്ടെടുപ്പ് സംഘടിപ്പിക്കും. ഒക്ടോബർ നാലിനാണ് വോട്ടെടണ്ണൽ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. അതേസമയം മഹരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല.
ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്
2014ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ജമ്മു കശ്മീർ വീണ്ടും തിരഞ്ഞെടുപ്പിന് വേദിയാകുന്നത്. ഇത്തവണ ലഡാക്കില്ലാതെ കേന്ദ്രഭരണപ്രദേശമായിട്ടാണ് ജമ്മു കശ്മീർ പോളിങ് ബൂത്തിലേക്ക് പോകുന്നത്. സെപ്റ്റംബർ 30ന് മുമ്പ് കശ്മീരിൽ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. 90 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിക്കും. ഇതാദ്യമായിട്ടാണ് ഇത്രയും വേഗം ജമ്മു കശ്മീരിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കാൻ പോകുന്നത്.
ഹരിയാന തിരഞ്ഞെടുപ്പ്
ഒറ്റഘട്ടമായിട്ടാണ് ഹരിയാനിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 90 സീറ്റുകളാണ് ഹരിയാനയിലുള്ളത്. 2019 തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകൾ ഉള്ള ജെജെപിക്കൊപ്പം ചേർന്നാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. ബി.ജെ.പിക്ക് 40 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടാനായത്. അതേസമയം ഇത്തവണ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുമായിട്ടുള്ള സഖ്യം ഹരിയാനയിൽ ഉണ്ടാകില്ലയെന്ന് കോൺഗ്രസിൻ്റെ മുൻ മുഖ്യമന്ത്രി ഭൂപിന്ദർ ഹൂഡ അറിയിച്ചിരുന്നു.
Updating