5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Election 2024: ജമ്മു കശ്മീരിൽ ആദ്യഘട്ട പോളിങ് ഇന്ന്; കനത്ത സുരക്ഷയിൽ ‌വോട്ടെടുപ്പ് തുടങ്ങി

Jammu and Kashmir Assembly Election 2024: ജമ്മു മേഖലയിലെ എട്ട് മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ആദ്യ ഘട്ട പോളിങ്ങിനായി ബൂത്തിലെത്തുക. ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 219 സ്ഥാനാർത്ഥികളാണ്. 23 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക.

Jammu Kashmir Election 2024: ജമ്മു കശ്മീരിൽ ആദ്യഘട്ട പോളിങ് ഇന്ന്; കനത്ത സുരക്ഷയിൽ ‌വോട്ടെടുപ്പ് തുടങ്ങി
Jammu and Kashmir Assembly Election. (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 18 Sep 2024 07:56 AM

ശ്രീന​ഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ (Jammu and Kashmir Assembly) ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. കനത്ത സരക്ഷയിൽ‍ 24 മണ്ഡലങ്ങളിലായി രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മു മേഖലയിലെ എട്ട് മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ആദ്യ ഘട്ട പോളിങ്ങിനായി ബൂത്തിലെത്തുക. ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 219 സ്ഥാനാർത്ഥികളാണ്. 23 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പിൻ്റെ പശ്ചാതലത്തിൽ ജമ്മു മേഖലയിലും കശ്മീർ മേഖലയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി മേഖലയിൽ ഉൾപ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

ALSO READ: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ്‌ മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

നാഷണൽ കോൺഫറൻസും കോൺ​ഗ്രസും കൈകോർത്താണ് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ഇസി) കണക്കകൾ അനുസരിച്ച്, 11,76,462 പുരുഷന്മാരും 11,51,058 സ്ത്രീകളും 60 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്ന 23,27,580 വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹരായിട്ടുള്ളത്. 3,276 പോളിംഗ് സ്റ്റേഷനുകളിൽ 14,000 പോളിംഗ് ജീവനക്കാർ മേൽനോട്ടം വഹിക്കുന്നതാണ്.

അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25 നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും വോട്ടെണ്ണൽ ഒക്ടോബർ എട്ടിനും നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ചെറുപ്പക്കാരും കന്നി വോട്ടർമാരും വോട്ട് പാഴാക്കരുതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

 

Latest News