5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISRO – Elon Musk : ഇനി ഇൻ്റർനെറ്റ് വേഗത കുതിയ്ക്കും; ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിലേറി ജിസാറ്റ് 20 ഭ്രമണപഥത്തിൽ

ISRO Successfully Launches GSAT 20 Satelite : ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഹ്രഹം ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റാണ് ജിസാറ്റിനെയും കൊണ്ട് പറന്നുയർന്നത്. അതിവേഗ ഇൻ്റർനെറ്റ് ആണ് ജിസാറ്റ് 20യ്ക്ക് നൽകാനാവുക.

ISRO – Elon Musk : ഇനി ഇൻ്റർനെറ്റ് വേഗത കുതിയ്ക്കും; ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിലേറി ജിസാറ്റ് 20 ഭ്രമണപഥത്തിൽ
ജിസാറ്റ് 20 വിക്ഷേപണം (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Nov 2024 06:57 AM

ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് റോക്കറ്റിൻ്റെ സഹായത്തോടെ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷൻ്റെ (ഐഎസ്ആർഒ) അത്യാധുനിക വാർത്താ വിനിമയ ഉപഹ്രഹം ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി ഫ്ലോറിഡയിലെ കേപ്പ് കനാവറിൽ നിന്നാണ് ജിസാറ്റ് വിക്ഷേപിക്കപ്പെട്ടത്. രാത്രി 12.01നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റാണ് ജിസാറ്റിനെയും വഹിച്ച് പറന്നുയർന്നത്. 34 മിനിട്ട് നീണ്ട യാത്രക്കൊടുവിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

ഐഎസ്ആർഒ നിർമിച്ച ഉപഗ്രഹത്തിന് 4700 കിലോഗ്രാമാണ് ഭാരം. ഇത്രയധികം ഭാരമുള്ള ജിസാറ്റ് 20 വിക്ഷേപിക്കാൻ പര്യാപ്തമായ വിക്ഷേപണവാഹനങ്ങൾ ഐഎസ്ആർഒയിൽ ഇല്ല. സ്ഥാപനത്തിൻ്റെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽവിഎം 3യുടെ പരമാവധി വാഹകശേഷിയെക്കാൾ കൂടുതലാണ് ജിസാറ്റ് 20യുടെ ഭാരം. അതുകൊണ്ട് ഉപഗ്രഹവിക്ഷേപണത്തിനായി സ്പേസ് എക്സിൻ്റെ സഹായം തേടേണ്ടിവന്നു. സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 എന്ന റോക്കറ്റാണ് ജിസാറ്റ് 20യെയും വഹിച്ച് കുതിച്ചത്.

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഉപഗ്രഹമാണ് ജിസാറ്റ് 20. ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാൻ ജിസാറ്റ് 20യ്ക്ക് കഴിയും. ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വിമാനങ്ങൾക്കുള്ളിലും വേഗതയേറിയ ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാൻ ജിസാറ്റ് 20 സഹായിക്കും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലും ജിസാറ്റ് 20യുടെ സഹായത്തോടെ അതിവേഗ ഇൻ്റർനെറ്റ് എത്തും.

Also Read : Indian Coast Guard: പാകിസ്താൻ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

“ജിസാറ്റ് 20യുടെ മിഷൻ ലൈഫ് 14 വർഷമാണ്. ഉപഗ്രഹത്തിനാവശ്യമായ സൗകര്യങ്ങൾ ഇവിടെ തയ്യാറാണ്. വളരെ വിജയകരമായ വിക്ഷേപണമായിരുന്നു ഇത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. സോളാർ പാനലുകൾ തുറന്നിട്ടുണ്ട്.” _ ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെൻ്ററിൽ നിന്ന് വിക്ഷേപണം കണ്ട ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജിസാറ്റ് എൻ2 അല്ലെങ്കിൽ ജിസാറ്റ് 20 എന്നത് പൂർണമായും വാണിജ്യ ഉപഗ്രഹമാണ്. ഐഎസ്ആർഒയുടെ വാണിജ്യ ശാഖ്യയായ ന്യൂ സ്പേസ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് (എൻഎസ്ഐഎൽ) ആദ്യമായി വിക്ഷേപണത്തിന് നേതൃത്വം നൽകിയ ഉപഗ്രഹമാണിത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40യിൽ നിന്നാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. അമേരിക്കൻ വ്യോമസേനയിൽ നിന്ന് സ്പേസ് എക്സ് വാടകയ്ക്കെടുത്ത ലോഞ്ച് പാഡാണിത്. 2019ൽ അമേരിക്കൻ വ്യോമസേനയ്ക്കായി പ്രത്യേകം നിർമിച്ച ലോഞ്ച് പാഡാണിത്.

ഉപഗ്രഹവിക്ഷേപണത്തിനായി ഫാൽക്കൺ 9 ബി5 റോക്കറ്റാണ് ഉപയോഗിച്ചത്. 70 മീറ്റർ നീളവും 549 ടൺ ഭാരവുമാണ് റോക്കറ്റിനുണ്ടായിരുന്നത്. രണ്ട് ഘട്ട റോക്കറ്റാണ് ഫാൽക്കൺ 9 ബി5. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിയ്ക്കാൻ രണ്ട് ഘട്ടങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. 8300 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ജിയോസിങ്ക്രോണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിലേക്കും 22,800 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേക്കും എത്തിക്കാൻ ഫാൽക്കൺ 9 റോക്കറ്റിന് സാധിക്കും.