Instagram Reel: മോഷ്ടിച്ച വസ്തുക്കളുമായി ഇന്‍സ്റ്റഗ്രാം റീല്‍: സഹോദരിമാര്‍ അറസ്റ്റില്‍
ഈ റീലാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്. സഹോദരിമാരെ മുംബൈ കലാചൗക്കി പൊലീസാണ് അറസ്റ്റ് ചെയ്തത്
മുംബൈ: മോഷ്ടിച്ച വസ്തുക്കളുമായി ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്ത സഹോദരിമാര്‍ അറസ്റ്റില്‍. ഇരുവരും ജോലിക്ക് നിന്നിരുന്ന വീട്ടിലെ വൃദ്ധ ദമ്പതികളെ കബളിപ്പിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. 55 ലക്ഷം രൂപയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.
പിന്നീട് മോഷ്ടിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഇവര്‍ ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയുണ്ടായി. ഈ റീലാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്. സഹോദരിമാരെ മുംബൈ കലാചൗക്കി പൊലീസാണ് അറസ്റ്റ് ചെയ്തത്. 24 വയസുള്ള ഛായ വെറ്റ്‌കോളിയും 21 വയസുള്ള ഭാരതി വെറ്റ്‌കോളിയുമാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ച് റീല്‍
വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞപ്പോള്‍ വൃദ്ധ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ വീട്ടില്‍ ജോലിക്ക് വരുന്ന രണ്ട് സഹോദരിമാരെക്കുറിച്ച് ദമ്പതികള്‍ സൂചിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റീലുകള്‍ അപ്ലോഡ് ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. റീലില്‍ ഇരുവരും ധരിച്ച ആഭരണങ്ങളും വസ്ത്രങ്ങളും തങ്ങളുടേതാണെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു.
സഹോദരിമാര്‍ക്കെതിരെ കേസ്
സഹോദരിമാരായ ഛായയെയും ഭാരതിയെയും റായ്ഗഡില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 55 ലക്ഷം രൂപയുടെ ആഭരണങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ 381ാം വകുപ്പും മറ്റ് വകുപ്പുകളും പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.