INS Brahmaputra: നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാതായി
INS Brahmaputra Catches Fire: കാണാതായ നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി. തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് (INS Brahmaputra) തീ പിടിച്ചു. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒരു നാവികനെ കാണാതായതായും നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി. ഞായാറാഴ്ച വൈകുന്നേരമാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.
നേവൽ ഡോക്ക് യാർഡിലെയും തുറമുഖത്തെ മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയിരുന്നു. അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. തീപിടിത്തതിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ALSO READ: പോക്കറ്റിലെ ഫോൺ പൊട്ടിത്തെറിച്ചു, ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു
തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്. മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച്, ആന്റി എയർക്രാഫ് ഗൺ, ഉപരിതല മിസൈലുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, എന്നിവയെല്ലാം ബ്രഹ്മപുത്രയിലുണ്ട്. സർവസന്നാഹങ്ങളോടും കൂടിയുള്ള യുദ്ധക്കപ്പലാണിത്. വിവിധ തരം സെൻസറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. സീകിംഗ്, ചേതക് ഹെലികോപ്ടറുകളും ഇതിൽ നിന്ന് പ്രവർത്തിപ്പിക്കാനാവും.