BRICS summit: ആഗോള മധ്യസ്ഥൻ്റെ ഉദയമോ… ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്?
India's Role In BRICS summit: റഷ്യയിലെ കസാനിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടി ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമായി ചൂണ്ടികാട്ടുന്നു. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമാണ്.
ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് ഉറപ്പിച്ച് അടിവരയിടുകയാണ് ബ്രിക്‌സ് ഉച്ചകോടി (BRICS summit). ചൈന, റഷ്യ തുടങ്ങിയ വമ്പ രാജ്യങ്ങളുമായും മറ്റ് വികസ്വര രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സമർത്ഥമായി കൈകാര്യം ചെയ്യുകയാണ്. അതേസമയം കാനഡ ഒഴികെയുള്ള ജി7 ലെ പാശ്ചാത്യരാജ്യങ്ങളുമായാണ് ഇന്ത്യ ശക്തമായ ബന്ധം നിലനിർത്തുന്നുണ്ട്. എന്തെല്ലാം വിമർശനങ്ങൾ ഉയർന്ന് വന്നാലും അതൊന്നും നേരിടാതെ തന്നെ ഈ ഗ്രൂപ്പുകളോടെല്ലാം ഇടപഴകാനുള്ള കഴിവാണ് ഇന്ത്യയെ നിലവിൽ വേറിട്ട് നിർത്തുന്നത്. അതുവഴി ആഗോള നയതന്ത്രത്തിൽ മറ്റ് കക്ഷികൾ തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്ന ഒരു പ്രധാന മധ്യസ്ഥനായി മാറുകയാണ് ഇന്ത്യ.
റഷ്യയിലെ കസാനിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടി ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമായി ചൂണ്ടികാട്ടുന്നു. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമാണ്. ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കൂടിക്കാഴ്ച്ച അടയാളപ്പെടുത്തുന്നത്.
ലോക വേദിയിൽ ഇന്ത്യയുടെ സുപ്രധാന സ്ഥാനവും ഉച്ചകോടി ഉയർത്തിക്കാട്ടി. പ്രശസ്ത ആഗോള രാഷ്ട്രീയ വിദഗ്ധൻ ഇയാൻ ബ്രെമ്മറും ഗ്ലോബൽ സൗത്തിലെ ഇന്ത്യയുടെ നേതൃത്വത്തെയും ചൈനയുമായി സുസ്ഥിരമായ ബന്ധം നിലനിർത്താനുള്ള കഴിവിനെയും പ്രശംസിച്ച് രംഗത്തെത്തി. ബ്രിക്സ് ഉച്ചകോടിയിൽ മോദി നിരവധി ലോക നേതാക്കളുമായി നടത്തിയ സുപ്രധാന ചർച്ചകൾ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളുടെ തെളിവായാണ് കണക്കാക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് അതിൽ പ്രധാനമായും എടുത്തുകാണിക്കുന്നത്. കാരണം ഇരു നേതാക്കളുടേയും നാല് വർഷത്തിന് ശേഷമുള്ള ഔപചാരിക കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ആഗോളതലത്തിൽ ചൈനയെപ്പോലുള്ള വൻശക്തികളുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള ഇന്ത്യയുടെ അതിയായ ശ്രമങ്ങളെയാണ് ഇത് വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികൾ തമ്മിൽ 30-ലധികം റൗണ്ട് ചർച്ചകൾ നടത്തിയ നാല് വർഷം നീളുന്ന സൈനിക തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച്ച എന്നതും വളരെ ശ്രദ്ധേയമാണ്.
റഷ്യയെ അനുകൂലിക്കുന്നവരും ഉക്രെയ്‌നിനെ അനുകൂലിക്കുന്നവരും ഇപ്പോൾ നടക്കുന്ന യുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള സഹായത്തിനായി ഇന്ത്യയെ ആണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. റഷ്യയിലും ഉക്രെയ്നിലും ഒരേ പോലെ ബഹുമാനത്തോടെയും ആദരവോടെയും സ്വീകരിക്കപ്പെടുന്ന ഏക ലോകനേതാവ് മോദിയാണെന്നതും ഉച്ചക്കോടിയിലൂടെ വ്യക്തമാണ്.
അതിനിടെ ഇറാനിലെ മസൂദ് പെസെഷ്‌കിയാനുമായി ഉച്ചകോടിയിൽ മോദി കൂടിക്കാഴ്ച നടത്തുകയും ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തത് മറ്റൊരു ശ്രദ്ധേയമായ വിഷയമാണ്.
ബ്രിക്‌സിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കുന്ന ശക്തി എന്ന നിലയിൽ വളരെവലിയ സ്ഥാനത്താണ് നിർത്തുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുടെയും ലോക സമ്പദ് വ്യവസ്ഥയുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന കാര്യത്തിലും ഇതിലൂടെ വ്യക്തതയുണ്ടാകുന്നു.
2024 ലെ ബ്രിക്സിലെ ഇന്ത്യയുടെ നേതൃത്വം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു പ്രധാന കണ്ണിയെന്ന നിലയിൽ ആ പങ്ക് എടുത്തുകാണിക്കുന്നു. ജി7 രാജ്യങ്ങളുമായുള്ള (കാനഡ ഒഴികെ) ഇന്ത്യയുടെ ശക്തമായ ബന്ധത്തിൽ നിന്ന് ഇത് വ്യക്തമാണ്. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം ദിനംപ്രതി വഷളായികൊണ്ടിരിക്കുകയാണ്. ഈ നയതന്ത്ര തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാർത്ഥി കുടിയേറ്റത്തെയും വ്യാപാരത്തെയും വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഗാസ സംഘർഷം പോലുള്ള ആഗോള യുദ്ധങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ നയതന്ത്ര നിലപാട് വ്യക്തമാക്കുന്നതാണ്. ഇരുഭാഗത്തും സംയമനം പാലിക്കണമെന്നും ചർച്ചയിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നുമുള്ള ഇന്ത്യയുടെ പ്രതികരണം അന്താരാഷ്ട്ര തലത്തിൽ വർധിച്ച് വരുന്ന രാജ്യത്തിന്റെ സ്വാധീനത്തെയും വിദേശനയത്തെയും എടുത്ത് കാണിക്കുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ, ബ്രിക്‌സിലെ ഇന്ത്യയുടെ പങ്ക് അതിന്റെ അതുല്യമായ ഭൗമരാഷ്ട്രീയ പങ്കിനെ വെളിവാക്കുന്നതാണ്. സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളിൽ ഇന്ത്യ പുതിയ പാത തുറക്കുകയും ശക്തമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കൂടാതെ സാംസ്‌കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുവഴി ബ്രിക്സിനുള്ളിലും ആഗോള തലത്തിലും ഒരു നേതാവായി ഇന്ത്യ മാറി കഴിഞ്ഞിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്.