Vande Metro Service : 110 കിലോമീറ്റർ വേഗത; ആഴ്ചയിൽ ആറ് ദിവസം സർവീസ്: വന്ദേ മെട്രോ സർവീസ് ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
Vande Metro Sevice To Be Flagged Off Today : രാജ്യത്തെ ആദ്യ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന വന്ദേ മെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്.
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഫ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹ്‌മദാബാദ് – ഭുജ് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആദ്യ സർവീസ്. ബുധനാഴ്ച മുതലാണ് വന്ദേ മെട്രോയുടെ സാധാരണ സർവീസ് ആരംഭിക്കുക. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്.
30 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക് 455 രൂപയാണ്. അഹ്മദാബാദിൽ നിന്ന് ഭുജ് വരെയുള്ള 360 കിലോമീറ്റർ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാക്കും. ആകെ 9 സ്റ്റേഷനുകളുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഭുജിൽ നിന്ന് പുലർച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.50ന് അഹ്മദാബാദിലെത്തും. തിരികെ വൈകിട്ട് 5.30ന് അഹ്മദാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.10ന് ഭുജിലെത്തും. പൂർണമായും ശീതീകരിച്ച, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനാണ് ഇത്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്. 12 കോച്ചുകളിൽ 1150 യാത്രക്കാർക്ക് ഇരിക്കാം. വന്ദേ മെട്രോയിൽ റിസർവേഷൻ ആവശ്യമില്ല.
Also Read : Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. വന്ദേ ഭാരത് സർവീസുകൾക്ക് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ വന്ദേ മെട്രോയ്ക്കും ഇതേ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.
വന്ദേഭാരത് ട്രെയിനുകളുടെ സ്പീഡ് കൂട്ടാനുള്ള ആലോചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള ഡിസൈൻ സ്പീഡ് 180 കിലോമീറ്ററാണ്. ഇത് ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ സ്പീഡുള്ള വന്ദേഭാരത് ട്രെയിനുകൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കു വേണ്ടിയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളാണ് തുടങ്ങിയത്.
ഇന്ത്യ ബുള്ളറ്റ് ട്രെയിനുകളുടെ കാലത്തേക്ക് കടക്കുന്നതിൻ്റെ സൂചനയായി ഇതിനെ കാണാം. നിലവിൽ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിനുകൾക്കായി ആശ്രയിക്കാൻ സാധിക്കുക ജപ്പാനുമായി മാത്രമാണ്. എന്നാൽ ഇവയ്ക്ക് വലിയ വിലയുമാണ്. ഹിറ്റാച്ചി, കാവസാക്കി എന്നീ കമ്പനികളുമായി ഇന്ത്യ ചർച്ചകൾ നടത്തിയെങ്കിലും തൃപ്തികരമായില്ല. 10 കോച്ചുകളുള്ള ഒരു ബുള്ളറ്റ് ട്രെയിനിന് 460 കോടി രൂപയോളമാണ് അവർ ചോദിക്കുന്നത്.
ഇതിനിടെ ബുള്ളറ്റ് ട്രെയിൻ ഒരു ബാധ്യതയായി മാറുമെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് നിർമ്മാണം തന്നെ വൻ ചിലവാണ്. ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ ഫണ്ട് ലഭിക്കും. 1,60,000 കോടി രൂപയുടെ ഈ ഫണ്ടിന്റെ വാർഷിക തിരിച്ചടവ് മാത്രം 3,280 കോടി രൂപ വരും. 50 വർഷമാണ് ഇഎംഐ.
നിലവിൽ ബ്രോഡ് ഗേജിലാണ് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത്. ഇത് സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റി ഡിസൈൻ ചെയ്യേണ്ടി വരും. ഇതിനുള്ള നിർദ്ദേശം റെയിൽവേ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് നൽകി. രണ്ട് സ്റ്റാൻഡേഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കുക എന്നതാണ് റെയിൽവേയുടെ ആവശ്യം. മണിക്കൂറിൽ ശരാശരി 300 കിലോമീറ്ററിനു മുകളിലാണ് ബുള്ളറ്റ് ട്രെയിനുകളുടെ വേഗത.
മൂന്ന് മണിക്കൂർ കൊണ്ട് മുംബൈ-അഹ്മദാബാദ് ദൂരമായ 508 കിലോമീറ്ററിനെ മറികടക്കാൻ ഇത്തരം ട്രെയിനുകൾക്ക് സാധിക്കും. എന്നാൽ വന്ദേ ഭാരത് പകരം 250 കിലോമീറ്ററിൽ പരിമിതപ്പെടുത്തും. ഇതിനു കഴിയുന്ന ട്രാക്കാണ് നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുംബൈ-അഹ്മദാബാദ് ട്രാക്കിൽ ഓടുന്നത് ഇന്ത്യയുടെ സ്വന്തം സാങ്കേതികതയിൽ നിർമ്മിക്കുന്ന വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളായിരിക്കും.