Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
12 Indians Killed In Russian Army: റഷ്യൻ സൈന്യത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. ഉക്രൈനെതിരെ യുദ്ധം ചെയ്യുന്നതിനായി റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കായി 16 പേരെ കാണാനില്ലെന്നും വിദേശകാര്യമന്ത്രായലം പറയുന്നു.
ഉക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യൻ സൈന്യത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്രം. വിദേശകാര്യ മന്ത്രാലയമാണ് ഈ മാസം ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ആകെ റഷ്യൻ സൈന്യത്തിൽ ചേർന്ന 126 ഇന്ത്യക്കാരിൽ 16 പേരെ കാണാനില്ലെന്നും 12 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. റഷ്യൻ സൈന്യത്തിൽ ചേരുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ഇതിൽ നിന്ന് യുവാക്കളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആകെ റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാർ 126 പേരാണ്. ഇവരിൽ 96 പേർ തിരികെയെത്തിയതായി മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ബാക്കിയുള്ളവരിൽ 12 പേർ യുദ്ധത്തിൽ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞയാഴ്ച കേരളത്തിൽ നിന്നുള്ള ഒരാൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മലയാളിയ്ക്കൊപ്പം പരിക്കേറ്റ മറ്റൊരു മലയാളി മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് അധികൃതർ പറയുന്നത്.
“അവരെപ്പറ്റിയുള്ള വിവരങ്ങൾ വ്യക്തമല്ല. ഇവരെ കാണാനില്ലെന്നാണ് റഷ്യൻ അധികൃതർ അറിയിച്ചിരിക്കുന്നത്. കാണാതായ ഇന്ത്യക്കാരുടെ വിവരങ്ങളറിയാൻ റഷ്യൻ അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സൈന്യത്തിൽ ബാക്കിയുള്ളവരെ എത്രയും വേഗം തിരികെ അയക്കണമെന്നും ആവശ്യപ്പെടും.”- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
തൃശൂർ സ്വദേശിയായ ബിനിൽ ബാബുവാണ് (32) കഴിഞ്ഞയാഴ്ച യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് മലയാളിയായ ബിനിൽ കൊല്ലപ്പെടുകയായിരുന്നു. ബിനിൽ ബാബുവിൻ്റെ മൃതദേഹം എത്രയും വേഗം തിരികെ എത്തിയ്ക്കാനുള്ള നടപടിക്രമങ്ങൾ ചെയ്യണമെന്ന് അധികൃതരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു എന്നും ജയ്സ്വാൾ അറിയിച്ചു. മരണപ്പെടുന്നതിന് മുൻപ് ബിനിൽ ബാബു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. വീട്ടിലേക്ക്ക് തിരികെ പോകണമെന്നും ബിനിൽ ആവശ്യപ്പെട്ടു. ആക്രമണത്തിൽ ബിനിലിൻ്റെ ബന്ധുവായ ജെയിൻ കുര്യന് (27) പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ആയതിന് ശേഷം ജെയിൻ കുര്യൻ നാട്ടിൽ തിരികെയെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെൻ്റിൽ അറിയിച്ചതനുസരിച്ച് 91 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്നത്. ഇവരിൽ എട്ട് പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. യുദ്ധഭൂമിയിൽ നിന്ന് 69 ഇന്ത്യക്കാരെ തിരികെ അയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ, 19 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിലുണ്ടെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറയുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയപ്പോഴും റഷ്യൻ സൈന്യത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെപ്പറ്റി ഇരുവരും തമ്മിൽ ചർച്ച ചെയ്തു. എന്നാൽ, ഇതിൽ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല എന്നതാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പുതിയ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്.