Indian Students Died Abroad: അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ ഈ രാജ്യങ്ങളില്‍
633 Indian Students Died in Abroad: വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. കാനഡയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 9 പേരാണ്. യുഎസില്‍ ആറുപേര്‍ക്കാണ് ആക്രമണത്തില്‍ മരണം സംഭവിച്ചത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, കിര്‍ഗിസ്ഥാന്‍, ബ്രിട്ടന്‍ എന്നിവിങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ വെച്ച് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ചയാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കണക്കുകള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. പ്രകൃതിദത്ത കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് വിദ്യാര്‍ഥികളുടെ മരണത്തിന് പിന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
ചോദ്യോത്തര വേളയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ കാനഡയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഇവിടെ 172 പേരാണ് മരിച്ചത്. യുഎസില്‍ 108 പേരും ബ്രിട്ടനില്‍ 58 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഓസ്‌ട്രേലിയയില്‍ 57 പേരും റഷ്യയില്‍ 37 പേരും ജര്‍മനിയില്‍ 24 പേരുമാണ് മരിച്ചത്. ഒരു വിദ്യാര്‍ഥി പാകിസ്ഥാനിലും മരിച്ചിട്ടുണ്ട്. ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, സൈപ്രസ് എന്നിവിടങ്ങളില്‍ 12 വീതവും ചൈനയില്‍ എട്ടുപേര്‍ക്കും മരണം സംഭവിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. കാനഡയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 9 പേരാണ്. യുഎസില്‍ ആറുപേര്‍ക്കാണ് ആക്രമണത്തില്‍ മരണം സംഭവിച്ചത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, കിര്‍ഗിസ്ഥാന്‍, ബ്രിട്ടന്‍ എന്നിവിങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടിട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനകളിലൊന്നാണ്. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 48 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് യുഎസില്‍ നിന്ന് നാടുകടത്തിയത്. ഇതിന്റെ കാരണം യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. അനധികൃത ജോലി, ക്ലാസുകളില്‍ നിന്ന് അനധികൃതമായി പിന്‍വലിയല്‍, ക്ലാസുകളില്‍ നിന്ന് സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് തൊഴില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് എന്നിവ വിദ്യാര്‍ഥികളെ നാടുകടത്തുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 101 രാജ്യങ്ങളിലായി 13.35 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കാനഡയിലാണ്. 4.27 ലക്ഷം പേരാണ് ഇവിടെ പഠിക്കുന്നത്. യുഎസില്‍ 3.37 ലക്ഷം പേരും, യുകെയില്‍ 1.85 ലക്ഷവും ഓസ്‌ട്രേലിയയില്‍ 1.22 ലക്ഷവും ജര്‍മനിയില്‍ 42,997 പേരും യുഎഇയില്‍ 25,000 വും റഷ്യയില്‍ 24,940 പേരുമാണ് പഠിക്കുന്നതെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.