Indian Railway: ഒഴിവുകൾ നികത്തുന്നതിൽ അലംഭാവം; ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രിഡ്യൂട്ടി നൽകിയാൽ നടപടി

Indian Railway Loco Pilots Duties: ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തുന്നതിൽ റെയിൽവേ ബോർഡ് അലംഭാവം കാട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം ദക്ഷിണ റെയിൽവേയിൽ 5242 ലോക്കോ പൈലറ്റുമാർ വേണ്ട സ്ഥാനത്ത് 4672 ലോക്കോ പൈലറ്റുമാർ മാത്രമാണ് ഉള്ളത്. 581 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ഡ്യൂട്ടിയിലെ അനാസ്ഥ ഉന്നയിച്ച് കഴിഞ്ഞ വർഷം ലോക്കോ പൈലറ്റുമാർ പ്രക്ഷോഭം നടത്തിയിരുന്നു.

Indian Railway: ഒഴിവുകൾ നികത്തുന്നതിൽ അലംഭാവം; ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രിഡ്യൂട്ടി നൽകിയാൽ നടപടി

Represental Image (Credits: Social Media)

Published: 

29 Dec 2024 06:33 AM

ചെന്നൈ: ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രിഡ്യൂട്ടി നൽകുന്നതിൽ നടപടിയെടുക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനിയും ഇത്തരമൊരു സാഹചര്യമുണ്ടായാൽ ക്രൂ കൺട്രോളർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് റെയിൽവേ ബോർഡ് അറിയിച്ചിരിക്കുന്നത്. തുടർച്ചയായി നാല് രാത്രിഡ്യൂട്ടി ചെയ്താൽ പിന്നീട് ഒരുദിവസം വിശ്രമം നൽകണമെന്നാണ് നിർദ്ദേശം. ലോക്കോ പൈലറ്റ് ആറ് ദിവസംവരെ തുടർച്ചയായി രാത്രികളിൽ ജോലി ചെയ്യേണ്ടിവന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന്(സിആർഐഎസ്) നൽകിയ നിർദേശത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി.

റെയിൽവേ ബോർഡിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ഒക്ടോബറിൽ 1360 പേരും നവംബറിൽ 1224 പേരും ഡിസംബറിൽ 696 പേരും ഒരാഴ്ചയിൽ അഞ്ചും ആറും ദിവസം തുടർച്ചയായി രാത്രിഡ്യൂട്ടി ചെയ്യേണ്ടിവന്നതായാണ് പരാതി ലഭിച്ചത്. എന്നാൽ ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി ജോലി ചെയ്താൽ ലോക്കോ പൈലറ്റ്, ഗാർഡ് തുടങ്ങിയവർ ക്രൂ കൺട്രോളർമാരെ വിവരം അറിയിക്കണമെന്നാണ് റെയിൽവേ ബോർഡിൻ്റെ നിർദ്ദേശത്തിൽ പറയുന്നത്.

ഒഴിവുകൾ നികത്തുന്നതിൽ അലംഭാവം

അതേസമയം, ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തുന്നതിൽ റെയിൽവേ ബോർഡ് അലംഭാവം കാട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം ദക്ഷിണ റെയിൽവേയിൽ 5242 ലോക്കോ പൈലറ്റുമാർ വേണ്ട സ്ഥാനത്ത് 4672 ലോക്കോ പൈലറ്റുമാർ മാത്രമാണ് ഉള്ളത്. 581 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്.

കൂടാതെ, രാജ്യത്ത് ആകെ 1,28,793 ലോക്കോ പൈലറ്റുമാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 1,12,420 പേരാണ് ജോലിയിലുള്ളത്. 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ലെന്നും കണക്കുകൾ ചൂണ്ടികാട്ടുന്നു. ഇത് ഇന്ത്യൻ റെയിൽവേയുടെ ഒഴിവുകൾ നികത്തുന്നതിലെ അലംഭാവമായി മാത്രമെ കണക്കാക്കാൻ ആകുകയുള്ളൂ. ഒഴിവുകൾ നികത്താത്തിനെ തുടർന്ന് ജോലിയിലുള്ള ലോക്കോ പൈലറ്റുമാർ തുടർച്ചയായി രാത്രി ഡ്യൂട്ടികൾ ചെയ്യേണ്ടിവരുന്നു.

ഡ്യൂട്ടിയിലെ അനാസ്ഥ ഉന്നയിച്ച് കഴിഞ്ഞ വർഷം ലോക്കോ പൈലറ്റുമാർ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെതുടർന്ന് 18,000 ലോക്കോ പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികളെടുക്കുമെന്ന് റെയിൽവേ മന്ത്രി ലോക്‌സഭയിൽ അറിയിച്ചിരുന്നു. എന്നാൽ അതിൽ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികൾ പറയുന്നത്.

ലോക്കോ പൈലറ്റുമാരുടെ എണ്ണം കുറവാണെങ്കിലും ഓരോ വർഷവും തീവണ്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. നിലവിലെ ഡ്യൂട്ടി ലോക്കോ പൈലറ്റുമാരെ മാനസികമായും ശാരീരകമായും മോശം അവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. ഇതിനാൽ ഉടൻ തന്നെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പലരുടെയും ആവശ്യം. അനുവദിക്കുന്ന പ്രത്യേക വണ്ടികളുടെ എണ്ണത്തിലും വർധനയുള്ളതിനാൽ നിലവിൽ ജോലിയിലുള്ളവർ തുടർച്ചയായ ഡ്യൂട്ടികൾ ചെയ്യാൻ നിർബന്ധിതരാകുന്നു.

സാഹചര്യം ഇതായതിനാൽ ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകൾ നികത്തുന്നതിന് പകരം ഡ്യൂട്ടി നിർണയിക്കുന്ന ക്രൂ കൺട്രോളർമാർക്കെതിരേ നടപടിയെടുക്കുന്നത് വിരോധാഭാസമാണെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ നികത്തുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്നാണ് സ്റ്റാഫ് അസോസിയേഷൻ പറയുന്നത്.

ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍
സെലിബ്രിറ്റികളുടെ ന്യൂ ഇയർ ആഘോഷം
ന്യൂയര്‍ ആഘോഷിച്ചോളൂ പക്ഷെ ടച്ചിങ്‌സായി ഇവ വേണ്ട