Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന
Indian Navy Medical Assistance Pakistan Fisherman: പാകിസ്താൻ മത്സ്യത്തൊഴിലാളിയ്ക്ക് വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയ്ക്കാണ് ഇന്ത്യൻ നാവിക സേന സഹായമെത്തിച്ചത്.

പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഠ് കപ്പലിലെ സൈനികരാണ് പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായം നൽകിയത്. ഒമാൻ തീരദേശത്ത് നിന്ന് 350 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം.
മധ്യ അറബിക്കടലിലാണ് ഐഎൻഎസ് ത്രികണ്ഠ് ഉണ്ടായിരുന്നത്. ഈ സമയത്താണ് പാകിസ്താൻ മത്സ്യത്തൊഴിലാളികളിൽ ഒരാളെ ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. ഒന്നിലധികം ഒടിവുകളും മുറിവും ഇയാൾക്കുണ്ടായിരുന്നു. ഇറാനിയൻ മത്സ്യബന്ധന നൗകയായ അൽ ഒമീദിയിൽ നിന്ന് ലഭിച്ച ഡിസ്ട്രസ് കോളിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ നാവികസേന. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽ ഒമീദിയിലെ ഒരു ജീവനക്കാരന് എഞ്ചിനിൽ ജോലി ചെയ്യുന്നതിനിടെ ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. വിരലിൽ ഗുരുതര പരിക്കേറ്റ് രക്തം നഷ്ടമായ ജീവനക്കാരൻ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തി. പിന്നാലെ പരിക്കേറ്റ ജീവനക്കാരനെ ഇറാനിലേക്കുള്ള അബ്ദുൽ റഹ്മാൻ ഹൻസിയ എന്ന വള്ളത്തിൽ കയറ്റിയിരുന്നു. തുടർന്ന് അടിയന്തിരമായി വഴിമാറി സഞ്ചരിച്ച ത്രികണ്ഠ് ജീവനക്കാരന് വൈദ്യസഹായം നൽകുകയായിരുന്നു.
അബ്ദുൽ റഹ്മാൻ ഹൻസിയ എന്ന വള്ളത്തിൽ 11 പാകിസ്താനികളും അഞ്ച് ഇറാനികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാൾ പാകിസ്താൻ സ്വദേശിയായിരുന്നു. ഐഎസ്എസ് ത്രികണ്ഠിലെ മെഡിക്കൽ ഓഫീസറും മറൈൻ കമാൻഡോസിൻ്റെ ഒരു സംഘവും ചേർന്നാണ് സഹായമെത്തിച്ചത്. ലോക്കൽ അനസ്തേഷ്യ നൽകിയതിന് ശേഷം മുറിഞ്ഞ വിരലുകൾ മെഡിക്കൽ ടീം തുന്നിച്ചേർത്തു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് വിരൽ തുന്നിച്ചേർത്തത്. നിയന്ത്രിക്കാനാവാത്ത രക്തസ്രാവമാണ് ആ സമയത്ത് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിൽ എത്തുന്നത് വരെയുള്ള ആവശ്യത്തിനായി ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകളും മറ്റും ഇന്ത്യൻ നാവികസേന വളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകുകയും ചെയ്തു. ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി അറിയിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.