Entrepreneur Alleges Harassment:’വസ്ത്രം ഊരിവാങ്ങി, ശരീരം പരിശോധിച്ചത് പുരുഷ ഉദ്യോഗസ്ഥൻ’; വിമാനത്താവളത്തിലെ ദുരനുഭവം പറഞ്ഞ് സംരഭക
Entrepreneur Shruti Chaturvedi Shared her Bad Experience at U.S. Airport: ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥൻ തന്റെ ശരീരം പരിശോധിച്ചെന്നും റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

ന്യൂഡൽഹി: അമേരിക്കയിലെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഇന്ത്യൻ സംരംഭക. പോലീസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) ചേർന്ന് തന്നെ എട്ട് മണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായാണ് യുവതിയുടെ ആരോപണം. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുർവേദി എന്ന സംരംഭകയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.
യുഎസിലെ അലാസ്കയിലെ വിമാനത്താവളത്തിലാണ് സംഭവം. പുരുഷ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും യുവതി ആരോപിക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥൻ തന്റെ ശരീരം പരിശോധിച്ചെന്നും റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ഹാൻഡ്‌ബാഗിലുണ്ടായിരുന്ന പവർ ബാങ്കിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ പരിശോധിച്ചതെന്ന് യുവതി പോസ്റ്റിൽ പറയുന്നു.
തണുപ്പ് കാരണം ധരിച്ച ഒരു വസ്ത്രം ഒരു പുരുഷ ഉദ്യോഗസ്ഥൻ ഊരിവാങ്ങി, തണുത്ത മുറിയിൽ മണിക്കൂറുകളോളം ഇരുത്തി. വിമാനത്താവളത്തിൽ എട്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. ഇതിനെ തുടർന്ന് തന്റെ യാത്ര മുടങ്ങിയെന്നും യുവതി കുറിപ്പിൽ പറയുന്നു. മൊബൈൽ ഫോണും വാലറ്റും അധികൃതർ കൈവശപ്പെടുത്തി. വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പെടെ ടാഗ് ചെയ്താണ് ശ്രുതി പോസ്റ്റ് പങ്കുവെച്ചത്.
Imagine being detained by Police and FBI for 8 hours, being questioned the most ridiculous things, physically checked by a male officer on camera, stripped off warm wear, mobile phone, wallet, kept in chilled room, not allowed to use a restroom, or make a single phone call, made…
— Shruti Chaturvedi 🇮🇳 (@adhicutting) April 8, 2025
ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷമാണ് താൻ കുറിപ്പ് പങ്കുവച്ചത്. ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാർ നിസ്സാരരാണ്. ദുരവസ്ഥയിൽ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയുണ്ടെന്നും ശ്രുതി എക്സിൽ കുറിച്ചു.