Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
India Saudi Arabia Hajj Agreement 2025 : ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം 1,75,025 ക്വാട്ട നീക്കിവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയാണ് ഇത്തവണയും അനുവദിച്ചത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്തായാലും ക്വാട്ടയില്‍ മാറ്റമില്ല
ഇന്ത്യയുമായുള്ള ‘പവിത്രമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്ന് സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മില്‍ ഹജ്ജ് കരാറില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം 1,75,025 ക്വാട്ട നീക്കിവച്ചിട്ടുണ്ട്. കരാര്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.
“ഈ കരാറിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കുള്ള മനോഹരമായ വാർത്തയാണ്. തീർത്ഥാടകർക്ക് മെച്ചപ്പെട്ട തീർത്ഥാടന അനുഭവങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്”-പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
I welcome this agreement, which is wonderful news for Hajj pilgrims from India. Our Government is committed to ensuring improved pilgrimage experiences for devotees. https://t.co/oybHXdyBpK
— Narendra Modi (@narendramodi) January 13, 2025
ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ സൗദി അറേബ്യയ്ക്ക് അഭിമാനമുണ്ടെന്ന് അൽ റബിയ പറഞ്ഞു. ഇന്ത്യയില്‍ നിന്നും, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരെ രണ്ട് വിശുദ്ധ പള്ളികളിലായി സേവിക്കുന്നത് എല്ലാ മുസ്ലീങ്ങളുടെയും ആത്മീയ യാത്രയെ സമ്പന്നമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനം വര്‍ധിക്കുന്നതിനുള്ള മോദിയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഹജ്ജ് കരാര്‍
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യയും സൗദി അറേബ്യയും ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്വാട്ട 1,75,025 ആണ്. ഇന്ത്യയ്ക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയാണ് ഇത്തവണയും അനുവദിച്ചത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്തായാലും ക്വാട്ടയില്‍ മാറ്റമില്ല.
ജിദ്ദയില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യൻ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികളെക്കുറിച്ച് കിരൺ റിജിജുവും തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയും ചര്‍ച്ച ചെയ്തു. ഹജ്ജ് ഒരുക്കങ്ങള്‍, ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍, ഗതാഗത ക്രമീകരണങ്ങള്‍, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
Read Also : യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ തുടങ്ങിയവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു. ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിലും കിരണ്‍ റിജിജു പങ്കെടുത്തിരുന്നു.
ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ സജ്ജമാക്കുന്ന ഹജ്ജ് മിഷന്‍ ഓഫീസ് അടക്കമുള്ള സൗകര്യങ്ങളും മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചിരുന്നു. സൗദി ഗതാഗത ലോജിസ്റ്റിക്സ് സർവീസ് മന്ത്രി സാലിഹ് അൽ ജാസറുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.