H5N1 Case India: ഇന്ത്യയിൽ ആദ്യമായി പൂച്ചകളിൽ H5N1 വൈറസ് ബാധ സ്ഥിരീകരിച്ചു; മനുഷ്യരിലേക്കും പകര്‍ന്നേക്കാം
India Reports First H5N1 Bird Flu Case: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് വളർത്തു പൂച്ചകളിൽ H5N1 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്തത്. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ ആദ്യമായി പൂച്ചകളിൽ എച്ച്5എൻ1 (H5N1) പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വൈറസിലെ ജനിതക മാറ്റങ്ങൾ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകളാണ് ഇപ്പോൾ ആശങ്കകൾ ഉയർത്തുന്നത്. പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത തടയുന്നതിന് ജാഗ്രത വേണമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് വളർത്തു പൂച്ചകളിൽ H5N1 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്തത്. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഐസിഎആർ – എൻഐഎച്ച്എസ്എഡിയും കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പും നടത്തിയ സംയുക്ത പഠനത്തിൽ ജനുവരിയിൽ H5N1 കേസുകൾ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നാഗ്പൂരുമായി അതിർത്തി പങ്കിടുന്ന ചിന്ദ്വാരയിലാണ് പക്ഷിപ്പനിയായ H5N1 വൈറസ് സാന്നിധ്യം പൂച്ചകളിൽ കണ്ടെത്തിയത്. ഡിസംബറിൽ നിരവധി പൂച്ചകൾ അവിടെ പക്ഷിപ്പനി ബാധിച്ച് മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ കോഴി ഫാമുകളിൽ വ്യാപകമായ നാശം വിതച്ച 2.3.2.1എ വംശത്തിലുള്ള വൈറസാണ് പൂച്ചകളിൽ ശാസ്ത്ര സംഘം തിരിച്ചറിഞ്ഞത്.
രോഗം ബാധിച്ച പൂച്ചകൾക്ക് കടുത്ത പനി, വിശപ്പില്ലായ്മ, അലസത എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗം ബാധിച്ച പൂച്ചകളെല്ലാം മരണമടഞ്ഞു. ജനിതക മാറ്റം വന്ന ഈ വൈറസ് മനുഷ്യരിലേക്ക് ഉൾപ്പടെ പടരാനുള്ള സാദ്ധ്യതകൾ ആശങ്ക ഉയർത്തുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
‘എച്ച്5എൻ1 എന്നത് പ്രധാനമായും പക്ഷികളിൽ കണ്ടുവരുന്ന ഒരു തരം വൈറസാണ്. എന്നാൽ ചില സമയങ്ങളിൽ ഈ വൈറസിന് ജനിതക മാറ്റങ്ങൾ സംഭവിക്കുകയും കൂടുതൽ അപകടകാരിയാക്കുകയും മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിലേക്ക് പകരാൻ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇൻഫ്ലുവൻസ വൈറസുകൾക്ക് മുൻപ് പല വലിയ പകർച്ചവ്യാധികൾക്കും കാരണമായ ചരിത്രം ഉണ്ട്. അതിനാൽ നമ്മൾ ജാഗ്രത പാലിക്കണം’ എന്ന് ഒരു ശാസ്ത്രജ്ഞൻ വ്യക്തമാക്കി.