Ebrahim Raisi Death: ഇറാന്‍ പ്രസിഡന്റിന്റെ മരണം; ഇന്ത്യയില്‍ നാളെ ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും
അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു തിരിച്ച് മടങ്ങവെയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്.
ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം നടത്തും. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരിച്ചതായി സ്ഥിരീകരണമുണ്ടായത്. പൂര്‍ണമായും കത്തിനശിച്ച ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇറാന്‍ റെഡ് ക്രസന്റ് അധികൃതറാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്. ഇബ്രാഹിം റഈസിക്കൊപ്പം അപകടത്തില്‍പ്പെട്ട വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു തിരിച്ച് മടങ്ങവെയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്.
മൂന്ന് ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു. അതില്‍ രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തി. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് കൊല്ലപ്പെട്ട ഇബ്രാഹിം റഈസി. 1960ല്‍ ശിയാ തീര്‍ത്ഥാടന കേന്ദ്രമായ മശ്ഹദ്ദിലാണ് റഈസി ജനിച്ചത്. റഈസിക്ക് 5 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണത്തിന് കീഴടങ്ങി, ഇതിന് പിന്നാലെ 1979ല്‍ ആയത്തുല്ല റൂഹുല്ലാ ഖാംനഈ നയിച്ച ഇസ്ലാമിക് വിപ്ലത്തില്‍ റഈസി പങ്കാളിയായി.
തന്റെ 25ാം വയസില്‍ ടെഹ്റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് റഈസി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1988ല്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് കൂട്ടത്തോടെ വധശിക്ഷ വിധിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ആയത്തുല്ല റൂഹുല്ല ഖാംനഈയുടെ മരണത്തോടെ 1989ല്‍ ടെഹ്റാന്റെ പ്രോസിക്യൂട്ടറായി റഈസി നിയമിതനായി.
2009ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതിലും റഈസി പ്രധാനിയായി. അതേസമയം തന്നെ അഴിമതി വിരുദ്ധന്‍ എന്ന പ്രതിച്ഛായയും കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിന്നീട് 2017ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് പദവിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ഹസന്‍ റൂഹാനിയോടാണ് റഈസി പരാജയപ്പെട്ടത്. 2019ല്‍ ജൂഡീഷ്യറി മേധാവി പദവിയിലെത്തിയ റഈസി രണ്ട് വര്‍ഷത്തിന് ശേഷം 2021 ജൂണില്‍ 62 ശതമാനം വോട്ട് നേടി പ്രസിഡന്റാവുകയായിരുന്നു.