Constitution Day: സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്! ഇന്ത്യൻ ഭരണഘടന @75
Constitution Day Of India: സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സ്വത്തിനുള്ള അധികാരം എന്നീ മൗലികാവകാശങ്ങൾക്കായാണ് ഭരണഘടനയിൽ ആദ്യ ഭേദഗതി കൊണ്ടുവന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയ്ക്ക് 1949 നവംബർ 26-ന് ഭരണഘടനാ സിർമ്മാണസഭ അംഗീകാരം നൽകിയതിന്റെ ഓർമ്മയിൽ എല്ലാവർഷവും നവംബർ 26-നാണ് ഭരണഘടനാ ദിനം ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്നും ഭരണഘടനാ ദിനം അറിയപ്പെടുന്നു. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബി. ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്. ഡോ. ബി ആർ അംബേദ്കർ ഭരണഘടനാ ശിൽപി എന്നാണ് അറിയപ്പെടുന്നത്. തുടക്കത്തിൽ നിയമ ദിനമായി ആഘോഷിച്ച നവംബർ 26, നരേന്ദ്രമോദി സർക്കാരാണ് 2015- ൽ ഭരണഘടനാ ദിനമായി പുനർനാമകരണം ചെയ്തത്.
1950 ജനുവരി 24-ന് അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചെങ്കിലും ഭരണഘടന നിലവിൽ വന്നത് ആ വർഷം ജനുവരി 26-ന്. ഇതോടെ ഇന്ത്യ റിപ്പബ്ലിക്കാകുകയും ചെയ്തു. തുടക്കത്തിൽ ഭരണഘടനയിൽ 22 അധ്യായവും (Parts) 395 അനുച്ഛേദവും (Articles) എട്ട് ഷെഡ്യൂളുമാണുണ്ടായിരുന്നത്. നിലവിൽ 25 അദ്ധ്യായങ്ങളും 12 ഷെഡ്യൂളുകളും ഭരണഘടനയ്ക്കുണ്ട്. 2 വർഷം, 11 മാസം,17 ദിവസവുമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. 64 ലക്ഷം രൂപയായിരുന്നു ചെലവ്. 1947 ഓഗസ്റ്റ് 21-ന് ഡോ. ബി ആർ അംബേദ്കർ ചെയർമാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. ഭരണഘടനയുടെ കരട് 1948 ഫെബ്രുവരി 21ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദിന് സമർപ്പിച്ചു.
സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സ്വത്തിനുള്ള അധികാരം എന്നീ മൗലികാവകാശങ്ങൾക്കായാണ് ഭരണഘടനയിൽ ആദ്യ ഭേദഗതി കൊണ്ടുവന്നത്. 2023-ൽ 33 ശതമാനം വനിതാ സംവരണത്തിനായി നിലവിൽ വന്ന 106–ാം ഭരണഘടനാ ഭേദഗതിയാണ് ഏറ്റവും ഒടുവിലത്തേത്. ഭരണഘടനയുടെ ആമുഖം ഒരു തവണയും ഭേദഗതി ചെയ്തു. 1976 ഡിസംബർ 18ന് സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ ആമുഖത്തിൽ കൂട്ടിച്ചേർത്തു.
മൗലിക ചുമതലകൾ അഥവാ മൗലിക കർത്തവ്യങ്ങൾ
ഭരണഘടനയിലെ ആർട്ടിക്കിൾ 51എയിലലാണ് മൗലിക കർത്തവ്യങ്ങളെ കുറിച്ച് പറയുന്നത്. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. തുടക്കത്തിൽ 10 എണ്ണമായിരുന്ന മൗലിക കർത്തവ്യങ്ങൾ പിന്നീട് 11 ആയി ഉയർത്തി.
ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകകളെയും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.
ദേശീയ പ്രസ്ഥാനത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.
രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുക.
രാജ്യത്തെ സംരക്ഷിക്കുകയും രാഷ്ട്ര സേവനം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക.
ജാതി, മതം, ഭാഷ, പ്രാദേശികത, വിഭാഗീയത എന്നിവയിൽ അധിഷ്ഠിതമായ വെെവിധ്യങ്ങൾക്ക് അധീതമായി ജനങ്ങളിൽ സൗഹാർദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക.
സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന ആചാരങ്ങൾ പരിത്വജിക്കുക.
നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
പരിസ്ഥിതി സംരക്ഷിക്കുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.
ശാസ്ത്രീയമായ കാഴ്ചപ്പാട്, മാനവികത, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവം, എന്നിവ വളർത്തുക. പൊതു സ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.രാഷ്ട്ര പുരോഗതിക്ക് ഉതുകും വിധം വ്യക്തിഫലവും കൂട്ടായതുമായ പ്രവർത്തനത്തിന് വേണ്ടി പ്രയത്നിക്കുക.
ആറ് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
മൗലിക അവകാശങ്ങളും ആർട്ടിക്കിളും
സമത്വത്തിനുള്ള അവകാശം (14––18)
സ്വാതന്ത്ര്യത്തിനുള്ള അവകാശം (19––22)
ചൂഷണത്തിനെതിരായ അവകാശം (23, 24)
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-–-28)
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29, 30)
ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ള അവകാശം (32-–-35)