Pakistani Youtube Channel Ban: ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു, കനത്ത ജാഗ്രത
Pakistani Youtube Channel Ban In India: പഹൽഗാം ആക്രമണത്തിന് ശേഷം വർഗീയതയും മറ്റും ഉൾപ്പെടുത്തി പ്രചാരണം നടത്തിയ ചാനലുകൾക്കെതിരെയാണ് നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് അതിർത്തി ഗ്രാമങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് നിരോധനം. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെയുള്ള 16 ചാനലുകൾക്കാണ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. പഹൽഗാം ആക്രമണത്തിന് ശേഷം വർഗീയതയും മറ്റും ഉൾപ്പെടുത്തി പ്രചാരണം നടത്തിയ ചാനലുകൾക്കെതിരെയാണ് നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് അതിർത്തി ഗ്രാമങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
പ്രമുഖ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും നിരോധനം നേരിട്ടവയിൽ ഉൾപ്പെടുന്നു. കൂടാതെ, മുനീബ് ഫാറൂഖ്, ഉമർ ചീമ, അസ്മ ഷിറാസി, ഇർഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും തടഞ്ഞിട്ടുണ്ട്. ഉസൈർ ക്രിക്കറ്റ്, ദി പാകിസ്ഥാൻ റഫറൻസ്, റാസി നാമ, സമ സ്പോർട്സ് എന്നിവയാണ് മറ്റ് നിരോധിത ചാനലുകൾ. ചാനലുകൾക്ക് ആകെ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ടായിരുന്നു.
ഇന്ത്യയെയും സൈന്യത്തെയും സുരക്ഷാ ഏജൻസികളെയും ലക്ഷ്യം വച്ചുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങളും പ്രകോപനപരമായ വിഷയങ്ങളും പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ചാനലുകൾ നിരോധിച്ചത്. അതിനിടെ ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയിൽ നാലാം തവണയും പാക് പ്രകോപനം ഉണ്ടായതിനെ തുടർന്ന് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമായ എൻഐഎ. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സംഘമെത്തുമെന്നാണ് വിവരം.
ഞായറാഴ്ച്ച അർധരാത്രിയോടെയാണ് കുപ്‌വാരയിലും പൂഞ്ചിലുമുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആക്രമണത്തിൽ ഇന്ത്യയും ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തുടർച്ചയായി ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർത്തിരുന്നു. പഹൽഗാമിൽ ഭീകരരെ കണ്ടെത്താനുള്ള ശ്രമം ഇന്ത്യൻ സൈന്യം തുടരുകയാണ്. നാലിടങ്ങളിലായി ഭീകരരെ സൈന്യം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.