5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2024: രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവ്: രാഷ്ട്രപതി

Droupadi Murmu's Independence Day Message: ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ചയുണ്ടായി.

Independence Day 2024: രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവ്: രാഷ്ട്രപതി
Droupadi Murmu (PTI Image)
shiji-mk
Shiji M K | Published: 14 Aug 2024 21:23 PM

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാമ്പത്തികം, കായികം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ ദ്രൗപതി മുര്‍മി അഭിനന്ദിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ചയുണ്ടായി. റോഡ്, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവയുടെ ശൃംഖല തീര്‍ക്കുന്നതിനായി മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവ നടപ്പിലാക്കാനും സാധിച്ചു.

Also Read: Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?

ഇന്ത്യ കൈവരിച്ച നേട്ടത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അഭിമാനിക്കാം. കൂടാതെ കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമവും ആസൂത്രകരുടെയും സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും ദീര്‍ഷവീക്ഷണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. രാജ്യത്ത് നടപ്പാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണ്. ഈ വര്‍ഷം ജൂലായ് മുതല്‍ ഭാരതീയ ന്യായസംഹിത സ്വീകരിച്ചുകൊണ്ട് കൊളോണിയല്‍ കാലഘട്ടത്തിന്റെ ശേഷിപ്പികളെല്ലാം നമ്മള്‍ തുടച്ചുനീക്കി.

ശിക്ഷയില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പുതിയ നിയമാവലി ഊന്നല്‍ നല്‍കുന്നു. സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ നോക്കി കാണുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. യുവാക്കളെ നല്ല മനസോടെ വളര്‍ത്തിയെടുക്കുകയും പാരമ്പര്യവും സമകാലീകവുമായ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ മാനസികാവസ്ഥ സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 2020ല്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം പ്രയോജനകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കായിക മേഖലയിലും ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യം വലിയ പുരോഗതി തന്നെ കായിക മേഖലയില്‍ കൈവരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഗവണ്‍മെന്റ് നല്‍കിയ ശരിയായ മുന്‍ഗണന തന്നെയാണ് ഇതിന് വഴിവെച്ചത്. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രയ്തനമാണ് നടത്തിയത്. താരങ്ങളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. ‘എന്റെ പ്രിയപ്പെട്ടെ സഹോദരി സഹോദരന്മരെ’, എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍ ഭാരതത്തിന്റെ ഒരോ ചുവടുവെപ്പും ആഗോള പുരോഗതിക്ക് കരുത്തുപകരുന്നതാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാമെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്യദിനം ആഘോഷത്തിന്റേത് മാത്രമല്ലെന്നും നമുക്ക് സ്വാതന്ത്യം നേടി തന്ന രാജ്യസ്‌നേഹികളുടെ പ്രയത്‌നത്തേയും ആത്മസമര്‍പ്പണത്തേയും നന്ദിയോടെ ഓര്‍ക്കാനുള്ളത് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും സ്മൃതികള്‍ എല്ലാവരിലും സന്തോഷവും അഭിമാനവും നിറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്ക് നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ടെന്നും അതിനുള്ള തുടക്കം 78ാം സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് കുറിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിനെയാകെ ദുഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

Also Read: Independence Day 2024 : മൻമോഹൻ സിങ്ങിനെ മറികടന്ന് നരേന്ദ്ര മോദി; ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവൻ ത്രിവർണ പതാക ഉയർത്തിയ പ്രധാനമന്ത്രിമാർ

സ്വാതന്ത്ര്യ സമരത്തിന് സമാനതകളില്ലാത്ത നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആദര്‍ശങ്ങളും മതേതരത്വവും ജാനാധിപത്യവും സോഷ്യലിസവുമെന്ന അവരുടെ ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിവസം കൂടിയാണ് സ്വാതന്ത്ര്യദിനമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വര്‍ണാഭമായ ചരിത്രവും ദേശീയ പ്രസ്ഥാനത്തിന്റെ ആവേശകരമായ ഓര്‍മകളും മനസില്‍ നിറയണം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരായ ദേശാഭിമാനികളെ ഓര്‍ക്കണം. രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ട ദിവസസം കൂടിയാണ് സ്വാതന്ത്ര്യ ദിനമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.