Independence Day 2024: ആ മലയാളിയോട് സുഭാഷ് ചന്ദ്രബോസ് ചോദിച്ചു, സൈന്യത്തിൽ ചേരുന്നോ? ചരിത്രം അറിയാം
Independence Day 2024 Unsung Heroes: കേണൽ പദവിയിലായിരുന്നു സേനയിൽ പ്രവർത്തിച്ചിരുന്നതെങ്കിലും പേര് ക്യാപ്റ്റൻ ലക്ഷ്മി എന്ന് തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. 1947 മാർച്ച് 4-ന് ലക്ഷ്മി അടക്കമുള്ള സേനാംഗങ്ങളെ ബ്രിട്ടീഷ് സേന പിടികൂടുകയും ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്തു
പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ ഡോക്ടറാവുകയെന്നായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി എന്ന പാലക്കാട് ആനക്കര വടക്കത്ത് ലക്ഷ്മിയുടെ ലക്ഷ്യം. അതിൽ അവർക്ക് യാതൊരു സംശയവുമില്ലായിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് 1938-ൽ എം.ബി.ബി.എസിൽ ബിരുദവും, ഗൈനക്കോളജി പ്രസവചികിത്സ എന്നിവയിൽ ഡിപ്ലോമയും നേടിയ ശേഷം 1941ൽ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റൻ ലക്ഷ്മി അവിടുത്തെ ദരിദ്ര വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കായി ഒരു ക്ലിനിക്ക് തുടങ്ങുകയും ചെയ്തു. ദരിദ്രരായ നിരവധി ഇന്ത്യൻ തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. ഇതിനൊപ്പം തന്നെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായ ഇന്ത്യാ ഇൻഡിപെൻഡൻസ് ലീഗിൽ പ്രവർത്തിക്കുകയും ചെയ്തു.
1934-ലെ സുഭാഷ് ചന്ദ്രബോസിൻ്റെ സിംഗപ്പൂർ സന്ദർശനമാണ് ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിച്ചത്. ഇന്ത്യൻ നാഷ്ണൽ ആർമിയുടെ വനിതാ വിംഗ് രൂപീകരണം നേതാജി ആലോച്ചിരുന്ന സമയമായിരുന്നു അത്. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര് ഐഎൻഎയിലേക്ക് നിർദ്ദേശിച്ചത് അദ്ദേഹത്തിൻ്റെ അനുയായി കൂടിയായ യെല്ലപ്പയായിരുന്നു. കാര്യം ക്യാപ്റ്റൻ ലക്ഷ്മിയെ അറിയിച്ചതോടെ അവർക്കും പൂർണ സമ്മതമായിരുന്നു. അങ്ങനെയാണ് ക്യാപ്റ്റൻ ലക്ഷ്മി ഐഎൻഎയിൽ എത്തുന്നത്.
ALSO READ: Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?
കേണൽ പദവിയിലായിരുന്നു സേനയിൽ പ്രവർത്തിച്ചിരുന്നതെങ്കിലും പേര് ക്യാപ്റ്റൻ ലക്ഷ്മി എന്ന് തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. 1947 മാർച്ച് 4-ന് ലക്ഷ്മി അടക്കമുള്ള സേനാംഗങ്ങളെ ബ്രിട്ടീഷ് സേന പിടികൂടുകയും ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ അധികം നാൾ അവർ ലക്ഷ്മിയെ തടവിൽ വെച്ചില്ല. എന്നാൽ അതുകൊണ്ടൊന്നും അവർ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ല. ഇന്ത്യ മുഴുവൻ നടന്ന് അവർ ഐഎൻഎയ്ക്ക് വേണ്ടി ധനശേഖരണം നടത്തുകയും, തടവിലാക്കപ്പെട്ട ഐഎൻഎ പ്രവർത്തകർക്കായി സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
1947 മാർച്ചിൽ ഐ.എൻ.എ. പ്രവർത്തകനായ കേണൽ പ്രേം കുമാർ സൈഗാളിനെ ക്യാപ്റ്റൻ ലക്ഷ്മി വിവാഹം കഴിച്ചു, 1972 – ൽ സി.പി.എം ആംഗമായ അവർ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയായി സ്ഥാനമേറ്റു. ഇഎംഎസിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. 2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ രാഷ്ട്രപതി സ്ഥാനാർത്ഥിയായും വാർത്തകളിൽ ഇടം നേടി. ഇടതു പിന്തുണയോടെയായിരുന്നു ഇത്. 2012 ജൂലൈ 23-ന് ക്യാപ്റ്റൻ ലക്ഷ്മി ലോകത്ത് നിന്ന് വിട പറഞ്ഞു.